അഹമ്മദാബാദ് കേസ്: നീതിയെ കഴുമരത്തിലേറ്റുന്ന വിധി- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം: 2008 ജൂലൈയില്‍ നടന്ന അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിലെ കോടതി വിധി നീതിയെ കഴുമരത്തിലേറ്റുന്നതിനു തുല്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 49 പേരില്‍ മൂന്നു മലയാളികളുള്‍പ്പെടെ 38 പേരെ തൂക്കിലേറ്റാനും 11 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ച വിധി ഞെട്ടലുളവാക്കുന്നതാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം ആളുകള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിച്ചിട്ടില്ല.
ഏറെ ദുരൂഹമായ കേസാണിത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സ്‌ഫോടനം നടക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പേ വിവിധ സംസ്ഥാനങ്ങളില്‍ വിചാരണ തടവുകാരായിരുന്നു. നാലുസംസ്ഥാനങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലുള്ള വിധിക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. മലേഗാവ് സ്‌ഫോടനം നടത്തിയ പ്രതികള്‍ പാര്‍ലമെന്റംഗമായും രാജ്യത്തിന്റെ പൊതുനന്‍മയ്ക്കായി സമരം ചെയ്ത കര്‍ഷകരെ നിഷ്‌കരുണം വാഹനംകയറ്റി കൊലചെയ്ത പ്രതികള്‍ സൈ്വരവിഹാരം നടത്തുകയും ചെയ്യുന്ന രാജ്യത്ത് ഈ വിധി വലിയ അല്‍ഭുതമൊന്നുമല്ല.
ഭരണകൂടത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ആയിരക്കണക്കിന് നിരപരാധികളാണ് രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നത്. അപരാധികള്‍ ഭരണകര്‍ത്താക്കളും നിരപരാധികള്‍ തൂക്കിലേറ്റപ്പെടേണ്ടവരുമാണെന്ന അനീതിയിലേക്ക് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതി എത്തുന്നത് അപകടകരമാണ്. ഫാഷിസം രാജ്യത്തിന്റെ ലെജിസ്ലേറ്റീവിനെയും എക്‌സിക്യൂട്ടീവിനെയും മാത്രമല്ല ജുഡീഷ്യറിയെ പോലും നിയന്ത്രിക്കുന്നു എന്ന് പൗരന്മാരില്‍ ആശങ്കയുണ്ടാക്കുന്നതാണ് അഹമ്മദാബാദ് കേസിലെ വിധി.
അക്ഷര്‍ധാം ക്ഷേത്രാക്രമണ കേസുള്‍പ്പെടെ പല കേസുകളിലും നിരപരാധികളെ വിചാരണ കോടതികള്‍ വധശിക്ഷയ്ക്ക് വിധിക്കുകയും സുപ്രിംകോടതി കുറ്റവിമുക്തരാക്കുകയും ചെയ്ത നിരവധി ഉദാഹരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ നീതി ഒരുനാള്‍ പുലരുക തന്നെ ചെയ്യുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും നിയമപോരാട്ടങ്ങള്‍ തുടരണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അഭ്യര്‍ഥിച്ചു.