ആലപ്പുഴ ജനറല്‍ ആശുപത്രി കൊവിഡ് ആശുപത്രിയാക്കും

ഹൈ ഫ്ളോ ഓക്സിജന്‍ സംവിധാനത്തോടെ 75 കിടക്കകള്‍ സജ്ജമാക്കും.വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 50 കിടക്കകള്‍ കൂടി.കൊവിഡ് പരിശോധന നടത്തിയവര്‍ ഫലം അറിയുംവരെ ക്വാറന്റൈനില്‍ ഇരിക്കണം

Update: 2021-04-25 13:01 GMT

ആലപ്പുഴ: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയെക്കൂടി ഐസി.യു. സൗകര്യത്തോടെയുള്ള കൊവിഡ് ആശുപത്രിയാക്കി മാറ്റും. ജില്ല കലക്ടര്‍ എ അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഹൈ ഫ്ളോ ഓക്സിജന്‍ സംവിധാനത്തോട് കൂടി 75 കിടക്കകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കും.

വിവിധ വാര്‍ഡുകളില്‍ അവശേഷിക്കുന്ന കിടക്കകളിലും ഹൈ ഫ്ളോ ഓക്സിജന്‍ സംവിധാനം സജ്ജമാക്കുന്നതിനും ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ 200 കിടക്കയുള്ള ചികിത്സാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആവശ്യമായ ഒപികള്‍ നിലനിര്‍ത്തി ജനറല്‍ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവയാണ് ജില്ലയിലെ കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നതിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 50 കിടക്കകള്‍ കൂടി ഉടന്‍ സജ്ജീകരിക്കും.

ചേര്‍ത്തല താലൂക്ക് ആശുപത്രിയെ സിഎസ്എല്‍റ്റിസി. ആക്കി മാറ്റും. അടിയന്തരമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനായി പഞ്ചായത്തുകളിലും നഗരസഭകളിലും ഹെല്‍പ്ഡെസ്‌ക് തുടങ്ങാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് ആശുപത്രികളില്‍ കഴിയുന്ന ഗുരുതരമല്ലാത്ത രോഗികളെ (എ കാറ്റഗറി) സിഎഫ്്എല്‍റ്റിസികളിലേക്ക് മാറ്റും. കൊവിഡ് ആശുപത്രികളില്‍ ബി കാറ്റഗറി രോഗകള്‍ക്കുമാത്രമായി പ്രവേശനം നിജപ്പെടുത്തും. ശരാശരിയില്‍ താഴെ പരിശോധനകള്‍ നടക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും.

Tags:    

Similar News