താന്‍ സെല്‍ഫി എടുക്കാറില്ലെന്ന് കണ്ണന്താനം
ആ ചിത്രം സെല്‍ഫിയാണെന്നുള്ള വാദം തെറ്റാണെന്നും ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടുകടക്കുമ്പോള്‍ ആരോ എടുത്ത ചിത്രമാണ് അതെന്നും കണ്ണന്താനം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കോഴിക്കോട്: കശ്മീരില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ മൃതദേഹത്തിനരികെനിന്നുള്ള ഫോട്ടോ സെല്‍ഫിയല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിശദീകരണം. ആ ചിത്രം സെല്‍ഫിയാണെന്നുള്ള വാദം തെറ്റാണെന്നും ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടുകടക്കുമ്പോള്‍ ആരോ എടുത്ത ചിത്രമാണ് അതെന്നും കണ്ണന്താനം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ആരോ എടുത്ത ഫോട്ടോ തന്റെ സോഷ്യല്‍മീഡിയ കൈകാര്യംചെയ്യുന്ന ഓഫീസിലേക്ക് അയച്ചുകൊടുത്തതാണ്. അത് സെല്‍ഫിയല്ലെന്ന് വിശദമായി നോക്കിയാല്‍ മനസിലാകും. മാത്രവുമല്ല ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ജവാന്‍ വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് കണ്ണന്താനം വിവാദചിത്രം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍, കണ്ണന്താനം മൃതദേഹത്തിനരികെനിന്ന് സെല്‍ഫിയെടുത്തെന്ന് ആക്ഷേപിച്ച് അദ്ദേഹത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമുയരുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ വിവാദചിത്രവും പോസ്റ്റും കണ്ണന്താനം പിന്‍വലിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വിവാദ ചിത്രമുള്‍പ്പെടുത്തിയ പുതിയ വിശദീകരണവുമായി കണ്ണന്താനം രംഗത്തെത്തിയത്.