ജവാന്‍ വസന്തകുമാറിന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫി; കണ്ണന്താനത്തെ രൂക്ഷമായി ആക്രമിച്ച് സോഷ്യല്‍ മീഡിയ, ഒടുവില്‍ പോസ്റ്റ് മുക്കി

വി വി വസന്തകുമാറിന്റെ ഭൗതികശരീരം വയനാട് ലക്കിടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോഴാണ് സെല്‍ഫി ചിത്രവും കുറിപ്പും അടക്കം കണ്ണന്താനം പോസ്റ്റ് ചെയ്തത്. മന്ത്രിമാര്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിനാളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലത്തായിരുന്നു കണ്ണന്താനത്തിന്റെ സെല്‍ഫി ഭ്രമം.

Update: 2019-02-16 18:33 GMT

കോഴിക്കോട്: പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹത്തിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണം. ട്രോളുകളും തെറിവിളിയും അസഹനീയമായപ്പോള്‍ സെല്‍ഫി ചിത്രമടങ്ങുന്ന പോസ്റ്റ് മുക്കി കണ്ണന്താനം തടിതപ്പി.


 വി വി വസന്തകുമാറിന്റെ ഭൗതികശരീരം വയനാട് ലക്കിടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോഴാണ് സെല്‍ഫി ചിത്രവും കുറിപ്പും അടക്കം കണ്ണന്താനം പോസ്റ്റ് ചെയ്തത്. മന്ത്രിമാര്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിനാളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലത്തായിരുന്നു കണ്ണന്താനത്തിന്റെ സെല്‍ഫി ഭ്രമം. 'കശ്മീരിലെ പുല്‍വാമയില്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വി വി വസന്തകുമാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാന്‍മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത്' ഇങ്ങനെയാണ് തന്റെ സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കള്‍ക്കായി കണ്ണന്താനം കുറിപ്പിട്ടത്.

എന്നാല്‍, മിനിറ്റുകള്‍ക്കകം കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി കമന്റുകളും തെറിവിളികളുമാണ് പോസ്റ്റിനു കീഴില്‍ നിറഞ്ഞത്. ഒരു മിനിസ്റ്ററോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി ചോദിക്കുകയാണ്- സര്‍ ശരിക്കും മണ്ടനാണോ, അതോ മണ്ടനായി അഭിനയിക്കുകയാണോ, ബിജെപി മിനിസ്റ്ററാണെങ്കിലും അല്‍പം ഔചിത്യം കാണിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.... അങ്ങനെ പോവുന്നു കമന്റുകള്‍. ജവാന്റെ മൃതദേഹത്തോടുള്ള അനാദരവാണ് സെല്‍ഫിയെന്ന് വ്യാപക വിമര്‍ശനവുമുയര്‍ന്നതോടെ കണ്ണന്താനം ചിത്രവും പോസ്റ്റും പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ഫേസ്ബുക്ക് പോസ്റ്റിന്റെയും ചിത്രത്തിന്റെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ട് സഹിതം കണ്ണന്താനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടരുകയാണ്.

Tags:    

Similar News