ചുരം കടന്ന് പ്രിയങ്ക, കോട്ട കാത്ത് രാഹുല്‍, കര പിടിച്ച് പ്രദീപ്

ഒടുക്കം വിജയത്തേരേറി മുന്നണികള്‍

Update: 2024-11-23 08:34 GMT

തിരുവനന്തപുരം: ഒടുക്കം വിജയത്തേരേറി മുന്നണികള്‍. കടുത്ത പോരാട്ടം നടന്ന പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു.18840 വോട്ടുകള്‍ക്കാണ് വിജയം. എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ആണ് രണ്ടാം സ്ഥാനത്ത്. സരിന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു . വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം ഉറപ്പായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഹുലിന്റെ ഭൂരിപക്ഷം മറികടന്നാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചത്.404619 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്

ചേലക്കരയില്‍ എല്‍ഡിഎഫിലെ യുആര്‍ പ്രദീപ് വിജയിച്ചു. 12122 വോട്ടിന്റെ ഭൂരിപക്ഷത്തലാണ് ജയം. വോട്ടെടുപ്പിന്റെ തുടക്കത്തിലേ യുആര്‍ പ്രദീപിനായിരുന്നു ലീഡ് നില.

ചേലക്കര നിലനിര്‍ത്തുക എല്‍ഡിഎഫിന് വളരെ സുപ്രധാനമാണ്. മറിച്ചായാല്‍ സര്‍ക്കാര്‍ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. വയനാട്ടില്‍ യുഡിഎഫിന് ആശങ്കയേ ഇല്ലായിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതിലായിരുന്നു കണക്കൂട്ടലുകള്‍ അത്രയും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെ തന്നെ പരാജയം ഉറപ്പായതോടെ വോട്ടെണ്ണല്‍ പകുതിയാകും മുമ്പ് സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങിയിരുന്നു.

മൂന്ന് മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. കോണ്‍ഗ്രസ് വിട്ടു വന്ന പി സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ ലാപ്പില്‍ തന്നെ സരിന്‍ ചിത്രത്തില്‍ നിന്നേ അപ്രത്യക്ഷമായിരുന്നു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചത്. അങ്ങനെ ചുരുക്കത്തില്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയത്തിലേക്കുള്ള പാത ഇത്തിരി കടുപ്പമേറിയതായിരുന്നു. മാറി മറിഞ്ഞ ലീഡ് നിലക്കൊടുക്കം പാലക്കാട് കോട്ട രാഹുല്‍ കീഴടക്കി. പാലക്കാട് നഗരസഭയിലേ ശക്തികേന്ദ്രങ്ങളില്‍പോലും വിള്ളല്‍ വീഴ്ത്തിയാണ് രാഹുലിന്റെ മുന്നേറ്റം.

Tags:    

Similar News