അങ്കണവാടികളിലെ ഭക്ഷ്യവസ്തുക്കള്‍ നീതി, സഹകരണ സ്റ്റോറുകള്‍, തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വാങ്ങാം

അങ്കണവാടികള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ അംഗീകൃത വിതരണ കേന്ദ്രങ്ങളില്‍ നിന്നും മാത്രമേ വാങ്ങുവാന്‍ പാടുള്ളുവെന്ന് സാമൂഹ്യനീതി വകുപ്പ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

Update: 2019-08-07 05:40 GMT

തിരുവനന്തപുരം: സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ മാവേലി/സപ്ലെകോ സ്റ്റോറുകളുടെ എൻഒസി കൂടാതെ നീതി സ്റ്റോറുകള്‍ സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ നടത്തുന്ന സ്റ്റോറുകള്‍, ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തീരമൈത്രി സ്റ്റോറുകള്‍ എന്നിവയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കു വാങ്ങി വിതരണം ചെയ്യാവുന്നതാണെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

അങ്കണവാടികള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ അംഗീകൃത വിതരണ കേന്ദ്രങ്ങളില്‍ നിന്നും മാത്രമേ വാങ്ങുവാന്‍ പാടുള്ളുവെന്ന് സാമൂഹ്യനീതി വകുപ്പ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സിവില്‍ സപ്ലെസ് കോര്‍പ്പറേഷന്റെ അംഗീകൃത വിതരണ കേന്ദ്രങ്ങള്‍ സമീപ പ്രദേശത്തില്ലാത്ത പക്ഷം കോര്‍പറേഷന്റെ/സിവില്‍ സപ്ലൈസ് വകുപ്പിന്റെ എന്‍ഒസി വാങ്ങിയ ശേഷം മാത്രമേ മറ്റു വിപണന കേന്ദ്രങ്ങള്‍ വഴി വാങ്ങാവൂ എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ എന്‍ഒസി കൂടാതെ നീതി സ്റ്റോര്‍/സഹകരണ സംഘങ്ങള്‍ എന്നിവ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും അങ്കണവാടികളിലേക്ക് ഭക്ഷ്യ വിതരണം പുനരാരംഭിക്കണം എന്നത് സംബന്ധിച്ച് സര്‍ക്കാരിന് നിവേദനങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

കര്‍ശന ഉപാധികളോടെയാണ് മറ്റ് സ്ഥാപനങ്ങളില്‍ നിന്നു കൂടി ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതും കുറഞ്ഞത് ഒരു വര്‍ഷമായെങ്കിലും പ്രവര്‍ത്തിച്ചുവരുന്നതുമായ പ്രൊവിഷന്‍ സ്റ്റോര്‍ സ്വന്തമായിട്ട് ഉണ്ടായിരിക്കണം. ഫുഡ് സേഫ്റ്റി വകപ്പിന്റെ ഉള്‍പ്പെടെയുള്ള എല്ലാ നിയമപരമായ അംഗീകാരങ്ങളും ഈ പ്രൊവിഷന്‍ സ്റ്റോറിന് ഉണ്ടായിരിക്കണം.

അപേക്ഷകള്‍ ലഭ്യമായാല്‍ പ്രസ്തുത സ്റ്റോറുകള്‍ ബന്ധപ്പെട്ട ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ സന്ദര്‍ശിച്ച് ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത, ഗുണമേന്മ, ആ സ്ഥാപനത്തിന്റെ പ്രശസ്തിയും നിയമപരമായ അംഗീകാരം എന്നിവ പരിശോധിച്ച് വിലയിരുത്തി സിഡിപിഒയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഐസിഡിഎസ് സൂപ്പര്‍വൈസറും സിഡിപിഒയും സംയുക്തമായി തീരുമാനമെടുത്ത് അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടതുമാണ്.

വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വില മാവേലി/സപ്ലൈകോ സ്റ്റോറുകളില്‍ നിന്ന് വിതരണം ചെയ്യുന്ന വിലയ്ക്ക് തുല്യമോ കുറവോ ആയിരിക്കണം. അങ്കണവാടികളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല. ഗുണനിലവാരത്തില്‍ വീഴ്ച ഉണ്ടെന്നു തോന്നുന്നപക്ഷം ജില്ലയില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ചിട്ടുള്ള ക്വാളിറ്റി അഷ്വറന്‍സ് ടീമിനെ അറിയിച്ച് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ച് നടപടി സ്വീകരിക്കും.

വീഴ്ച വരുത്തിയ സ്ഥാപനത്തില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത് നിര്‍ത്തി വയ്ക്കാനുള്ള സ്റ്റോപ്പ് മെമ്മോ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നല്‍കേണ്ടതുമാണ്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും വീണ്ടും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങേണ്ടി വന്നാല്‍ അതിനായി വനിതാ ശിശു ക്ഷേമ വകുപ്പ് ഡയറക്ടറുടെ പ്രത്യേക അനുമതി വാങ്ങേണ്ടതാണ്. ഗുരുതരമായ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനും മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള അധികാരം ഡയറക്ടര്‍ക്കായിരിക്കും.

Tags:    

Similar News