അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു; ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാവണം
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്.
തിരുവനന്തപുരം: കൊവിഡ്19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്.
കൊവിഡ് പശ്ചാത്തലത്തിലും ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, സമ്പുഷ്ട കേരളം, പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവനസന്ദര്‍ശനങ്ങള്‍ മുതലായവ തടസം കൂടാതെ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എങ്കിലും കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ പല പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടത്താനായില്ല. ഈ സര്‍വേകളെല്ലാം നിര്‍ത്തി വയ്ക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് അങ്കണവാടികളുടെ പ്രവര്‍ത്തനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യവസ്ഥകളോടെ പുനരാരംഭിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അങ്കണവാടികള്‍ തുറന്നാലും അങ്കണവാടി ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണം ഫീഡിങ് ടേക്ക് ഹോം റേഷനായി തന്നെ തുടരേണ്ടതാണ്. കുടുംബങ്ങളിലേയ്ക്ക് അങ്കണവാടികള്‍ എന്ന പദ്ധതി തുടരണം. സമ്പുഷ്ടകേരളം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍വേകള്‍, ദൈനംദിന ഭവനസന്ദര്‍ശനങ്ങള്‍ എന്നിവ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്കുശേഷം നടത്തേണ്ടതാണ്. ഇത് കൂടാതെ കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളും പാലിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.