ആന്തൂര്‍ ആത്മഹത്യ: എം വി ഗോവിന്ദനെ വെട്ടിലാക്കി ജയിംസ് മാത്യു എംഎല്‍എ
അതിനിടെ, ആന്തൂര്‍ പ്രശ്‌നത്തില്‍ കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനെ തിരുത്തി സിപിഎം രംഗത്തെത്തി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ വെട്ടിലാക്കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു. ആന്തൂര്‍ പ്രശ്‌നം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി കെ ശ്യാമളയുടെ ഭര്‍ത്താവുകൂടിയായ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍ ഇടപെട്ടെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ ജയിംസ് മാത്യു എംഎല്‍എ ആരോപിച്ചത്. ലൈസന്‍സ് വൈകിപ്പിക്കുന്നതിനെതിരേ താന്‍ മന്ത്രി കെ ടി ജലീലിന് പരാതി നല്‍കിയിരുന്നെന്നും തൊട്ടുപിന്നാലെ എം വി ഗോവിന്ദന്‍ എന്തിനാണ് മന്ത്രിയുടെ ഓഫിസില്‍ വിളിച്ചതെന്ന് വ്യക്തമാക്കണമെന്നും ജയിംസ് മാത്യു സംസ്ഥാനസമിതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങളോടൊന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചില്ലെന്നാണു വിവരം.
അതിനിടെ, ആന്തൂര്‍ പ്രശ്‌നത്തില്‍ കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനെ തിരുത്തി സിപിഎം രംഗത്തെത്തി. പി കെ ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്നും നടപടിയെടുക്കുമെന്നും മാങ്ങാട്ടുപറമ്പില്‍ നടത്തിയ രാഷ്ട്രീയവിശദീകരണയോഗത്തില്‍ പറഞ്ഞതാണ് പാര്‍ട്ടി തിരുത്തിയത്. പൊതുയോഗത്തില്‍ അക്കാര്യം പറയാന്‍ പാടില്ലായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതി യോഗത്തില്‍ വ്യക്തമാക്കി. പരസ്യപ്രസ്താവന ശരിയായില്ലെന്നും പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും കോടിയേരി പേര് പറയാതെ തുറന്നടിച്ചു.