കോഴിക്കോട്: രാജ്യത്തെ കേവല ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമുള്ള ബിജെപി അധികാരത്തില്‍ തുടരുന്നതിന്റെ പൂര്‍ണ ഉത്തരവാദികള്‍ സാമ്പ്രദായിക പാര്‍ട്ടികളാണെന്നും അവരുടെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണെന്നും എസ്ഡിപിഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് ജില്ലയില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദി ബെല്‍റ്റുകളില്‍ ബിജെപിക്കെതിരേ ശക്തമായ മുന്നേറ്റം നടത്താനോ ഐക്യപ്പെടാനോ തയ്യാറാവാത്ത മതേതര പാര്‍ട്ടികള്‍ എന്നവകാശപ്പെടുന്നവര്‍ ദക്ഷിണേന്ത്യയിലെ സുരക്ഷിത താവളം തേടി മല്‍സരത്തിന് തയ്യാറെടുക്കുകയാണ്.
ബിജെപിയാകട്ടെ അന്വേഷണ ഏജന്‍സികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും സഖ്യകക്ഷികളാക്കി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് മതേതര കക്ഷികള്‍ തുടരുന്നത്. അതേസമയം വടക്കേ ഇന്ത്യയിലുള്‍പ്പെടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ മല്‍സരിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചിരിക്കുകയാണ്. അതായത് ഇതര പാര്‍ട്ടികളെ പോലെ സുരക്ഷിത താവളം നോക്കിയല്ല ഫാഷിസ്റ്റ് കോട്ടകളില്‍ പോലും രാഷ്ട്രീയ മുന്നേറ്റത്തിന് പാര്‍ട്ടി ആര്‍ജ്ജവം കാണിക്കുന്നു എന്നതാണ് വ്യക്തമാക്കുന്നത്.
പത്തു വര്‍ഷത്തെ തുടര്‍ഭരണത്തിലൂടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പാക്കുന്ന സകല നന്മകളെയും തകര്‍ത്തെറിഞ്ഞ, സാമ്പത്തികമായി രാജ്യത്തെ തകര്‍ത്ത, തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന പൗരസമൂഹത്തെ സൃഷ്ടിച്ച ബിജെപി ദുര്‍ഭരണത്തെ തുറന്നുകാട്ടാന്‍ കെല്‍പ്പുള്ള എസ്ഡിപിഐയില്‍ പൗരസമൂഹം പ്രതീക്ഷയര്‍പ്പിക്കുന്നു എന്നതാണ് യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ വ്യക്തമാക്കുന്നതെന്നും നെല്ലൈ മുബാറക് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇഖ്റാമുല്‍ ഹഖ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മുസ്തഫ പാലേരി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ജില്ലാ ട്രഷറര്‍ ടി കെ അസീസ് മാസ്റ്റര്‍, വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റംഷീന ജലീല്‍ സംസാരിച്ചു. ജാഥാ വൈസ് ക്യാപ്ടന്മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.
തിങ്കളാഴ്ച വൈകീട്ട് 3ന് അടിവാരത്തു നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ മുതലക്കുളം മൈതാനിയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ ആനയിച്ച് വാഹന ജാഥയായി അടിവാരം, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം, മലാപ്പറമ്പ്, എരഞ്ഞിക്കല്‍, നടക്കാവ്, ഗാന്ധി റോഡ്, ബീച്ചിലെത്തി അവിടെനിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ മുതലക്കുളം മൈതാനിയിലേക്ക് ആനയിച്ചത്.
ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് മഞ്ചേരിയില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് കിഴക്കേതലയില്‍ സമാപിക്കും.