ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം; വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനവുമായി പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്

Update: 2021-02-17 13:01 GMT

ഹമീദ് പരപ്പനങ്ങാടി

പുത്തനത്താണി: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രഖ്യാപനവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യൂനിറ്റ് മാര്‍ച്ച് പുത്തനത്താണിയില്‍ ചരിത്രമായി മാറി. ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേയോട് അനുബന്ധിച്ച് പുത്തനത്താണിയില്‍ വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകീട്ട് 4.30ന് പുത്തനത്താണി തിരുന്നാവായ റോഡില്‍ നിന്നാരംഭിച്ച യൂനിറ്റ് മാര്‍ച്ചിലും ബഹുജന റാലിയിലും ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകളും അണിചേര്‍ന്നു. രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ത്ത് മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാന്‍ സംഘപരിവാര്‍ ഭരണകൂടം നടത്തുന്ന അക്രമോല്‍സുക സംഘത്തെ പ്രതിരോധിക്കുമെന്ന പ്രഖ്യാപനമാണ് മാര്‍ച്ചില്‍ മുഴങ്ങിക്കേട്ടത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്തു.


 അധികാരം നിലനിര്‍ത്താനായി ജനങ്ങള്‍ക്ക് മേല്‍ അമിതാധികാര പ്രയോഗവും ബലാല്‍ക്കാരവും പ്രയോഗിച്ച ഏകാധിപതികളെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ട കാര്യം ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് ഒ എം എ സലാം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ നോക്കു കുത്തിയാക്കി ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ നേടാനുള്ള ഉപകരണങ്ങളാക്കി മാറ്റുന്ന കേന്ദ്ര ഭരണകൂടം തങ്ങളുടെ വന്‍ തകര്‍ച്ചക്കു മുമ്പേയുള്ള ആളിക്കത്തലിലാണ്.

തുല്യനീതി പുലരുന്ന പുതിയ ഒരു ഇന്ത്യയെ സ്വപ്നം കണ്ട് ഫാഷിസ്റ്റ് അതിക്രമങ്ങളെ ജനകീയമായി ചെറുക്കുന്നതിനായി 2007 ഫെബ്രുവരി 17ന് നിലവില്‍ വന്ന പോപുലര്‍ ഫ്രണ്ട് അതിന്റെ പ്രയാണം തുടരുകയാണ്. അന്വേഷണ പ്രഹസനങ്ങളോ കുപ്രചരണങ്ങളോ അതിനെ തടയാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് വി കെ അബ്ദുല്‍ അഹദ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ കെ അബ്ദുല്‍ മജീദ് ഖാസിമി (വൈസ് പ്രസിഡന്റ്, ഇമാംസ് കൗണ്‍സില്‍, കേരള) മുഖ്യപ്രഭാഷണം അവതരിപ്പിച്ചു.

പി സുന്ദര്‍ രാജ് (വൈസ് ചെയര്‍മാന്‍, മലബാര്‍ സമര അനുസ്മരണ സമിതി), സി പി എ ലത്തീഫ് (പ്രസിഡന്റ്, എസ്ഡിപിഐ മലപ്പുറം ജില്ല), കെ പി ഒ റഹ്മത്തുല്ല (എന്‍സിഎച്ച്ആര്‍ഒ), വി പി ഉസ്മാന്‍ ഹാജി (വ്യാപാരി വ്യവസായി ഏകോപന സമിതി), സഈദ് മൗലവി (ഇമാംസ് കൗണ്‍സില്‍), ബീരാന്‍ ഹാജി (പിഡിപി), സമീറ നാസര്‍ (എന്‍ഡബ്ല്യുഎഫ്), സുഹൈബ് ഒഴൂര്‍ (കാംപസ് ഫ്രണ്ട്), എം കെ സക്കരിയ്യ (മെംബര്‍, ആതവനാട് ഗ്രാമപ്പഞ്ചായത്ത്) തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ അബ്ദുല്‍ ജലീല്‍, പുത്തനത്താണി ഡിവിഷന്‍ പ്രസിഡന്റ് സി വി നൗഷാദ് സംസാരിച്ചു.

Tags:    

Similar News