മലപ്പുറം: എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരേ മൊഴി നല്‍കിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സര്‍വീസ് സഹകരണ ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപമാണ് കണ്ടെത്തിയത്. പത്ത് വര്‍ഷത്തിനിടെ ബാങ്കില്‍ നടത്തിയത് 1,029 കോടി രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണമുയര്‍ന്ന സഹകരണ ബാങ്കാണിത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ ടി ജലീലാണ് രംഗത്തെത്തിയത്. ഇതിന്റെ എല്ലാം പിന്നില്‍ കുഞ്ഞിലിക്കുട്ടിയാണെന്നായിരുന്നു ജലീലിന്റെ വാദം. എന്നാല്‍, സിപിഎം- ലീഗ് ബന്ധമാണ് അഴിമതിയിലൂടെ പുറത്തുവന്നതെന്ന് ബിജെപിയും ആരോപിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 257 കസ്റ്റമര്‍ ഐഡികളില്‍നിന്നായി 800 ല്‍ പരം വ്യാജ അക്കൗണ്ടുകളുണ്ടാക്കി അഴിമതിപ്പണം വെളുപ്പിക്കുകയായിരുന്നുവെന്നാണ് ജലീലിന്റെ ആരോപണം. ഇക്കാര്യം ആദായനികുതി വകുപ്പിന്റെ റാന്‍ഡം പരിശോധനയില്‍ വ്യക്തമായതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.