കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു.
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു. 100 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പുതിയ കേസ് എടുത്ത് അന്വേഷിക്കും.
സാമ്പത്തിക കുറ്റകൃത്യം രണ്ട് കോടിയ്ക്ക് മുകളിലാണെങ്കില്‍ അത് സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുക. അതുകൊണ്ടാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. കേസില്‍ ആറ് പ്രതികളാണ് ഉള്ളത്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പ് ഗുരുതരമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. നൂറ് കോടിയില്‍ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തല്‍. കൂടുതല്‍ രേഖകള്‍ പരിശോധിക്കണം. ബാങ്കിനെതിരേ കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്നും ഇതും കണക്കില്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വഞ്ചന, ഗൂഡാലോചന എന്നിവ കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം. നൂറ് കണക്കിന് രേഖകള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തേണ്ടത്. സഹകരണ വകുപ്പിലെ ഉദ്യാഗസ്ഥരേയും ചോദ്യം ചെയ്യണം. കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും ക്രമം തെറ്റിച്ച് വായ്പ അനുവദിച്ച കാര്യങ്ങളില്‍ എങ്ങനെ അന്വേഷണം വേണമെന്ന് തീരുമാനിക്കുകയെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരുമെന്നും സഹകരണ മന്ത്രി വ്യക്തമാക്കി.
വ്യാജരേഖ ചമച്ച് ലോണ്‍ എടുത്തതും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 46 പേരുടെ ആധാരം പണയവസ്തുവായി സ്വീകരിച്ച് എടുത്ത വായ്പകള്‍ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കു കൈമാറിയെന്നതടക്കം ഗുരുതര തട്ടിപ്പുകളാണ് കണ്ടെത്തിയത്. പെരിഞ്ഞനം സ്വദേശി കിരണിന്റെ അക്കൗണ്ടിലേക്കു മാത്രം ഇത്തരത്തില്‍ എത്തിയത് 23 കോടി രൂപയാണ്. വന്‍തോതില്‍ തട്ടിപ്പ് നടന്നതായി മനസ്സിലാക്കി നിക്ഷേപകര്‍ ഒരുമാസം മുന്‍പു പണം തിരികെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ചു മൂടിവയ്ക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. ബാങ്ക് സെക്രട്ടറിയടക്കം ആറു പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലിസ് കേസെടുത്തിരുന്നു.