അരിക്കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ മുല്ലക്കൊടിയില്‍ തിരിച്ചെത്തി

എന്നാല്‍, രണ്ടു ദിവസമായി അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ തന്നെയാണ് ഉള്ളത്.

Update: 2023-05-22 07:00 GMT

ഇടുക്കി: ചിന്നക്കനാലില്‍നിന്നും പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ മുല്ലക്കൊടിയില്‍ നിലയുറപ്പിക്കുന്നു. ഏതാനും ദിവസങ്ങളായി കേരളാ വനാതിര്‍ത്തിയിലൂടെയാണ് അരിക്കൊമ്പന്റെ സഞ്ചാരം. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.കേരള-തമിഴ്‌നാട് വനാതിര്‍ത്തി മേഖലയിലൂടെ സഞ്ചരിക്കുന്ന അരിക്കൊമ്പന്‍ ഇടയ്ക്ക് തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍, രണ്ടു ദിവസമായി അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ തന്നെയാണ് ഉള്ളത്.

ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്-കേരള വനാതിര്‍ത്തിയിലായിരുന്നു കൊമ്പന്റെ സഞ്ചാരം. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തിന് ഉള്ളില്‍ തന്നെയായിരുന്നു ഉള്ളത്.

നാട്ടിലിറങ്ങിയുള്ള പരാക്രമങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ മാസം അരിക്കൊമ്പനെ മയക്കുവെടിവച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ലോറിയില്‍ കയറ്റി പെരിയാര്‍ കടുവസങ്കേതത്തിനുള്ളില്‍ കൊണ്ടുവന്ന് തുറന്നുവിട്ടത്. ഏതാനും ദിവസത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന അരിക്കൊമ്പന്‍ മേഘമലയില്‍ വിഹരിക്കുകയായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടതിനാലാണ് വനംവകുപ്പിന് ആനയുടെ നീക്കം അറിയാനാവുന്നത്.




അതേസമയം, അരിക്കൊമ്പനെ പിടികൂടിയ ചിന്നക്കനാലില്‍ ആനയുടെ പേരില്‍ ചായക്കട ആരംഭിച്ചു. വനംവകുപ്പ് വാച്ചറായിരുന്ന രഘുവാണ് തന്റെ ചായക്കടക്ക് 'അരിക്കൊമ്പന്‍ ഫ്രണ്ട്‌സ് ടീ സ്റ്റാള്‍' എന്ന് പേര് നല്‍കിയത്. പൂപ്പാറ ഗാന്ധിനഗറില്‍ ദേശീയപാതയോരത്താണ് കട.



അരിക്കൊമ്പനെ സ്‌നേഹിക്കുന്ന നിരവധി പേര്‍ ചിന്നക്കനാലിലും ശാന്തന്‍പാറയിലുമുണ്ട്. വിവിധ ഭാഗങ്ങളില്‍ അരിക്കൊമ്പന്റെ ഫ്‌ലെക്‌സുകള്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അണക്കരയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അരിക്കൊമ്പന്‍ ഫാന്‍സ് എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കാറിലും ബസിലുമടക്കം അരിക്കൊമ്പന്‍ എന്ന് എഴുതി ചേര്‍ത്തതും വാര്‍ത്തയായിരുന്നു.





Tags:    

Similar News