ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അറസ്റ്റ്: കാംപസ് ഫ്രണ്ട് കേന്ദ്രസര്‍ക്കാര്‍ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലേക്ക് നടന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അന്യായമായി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിലെ 14 ജില്ലകളിലും നടത്തിയ കേന്ദ്രസര്‍ക്കാര്‍ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലേക്ക് നടന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു.
റഊഫ് ഷെരീഫിനെതിരായ ഇഡി നീക്കം കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആര്‍എസ്എസ് ചൂണ്ടിക്കാണിക്കുന്ന വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കെതിരെയാണ് ഇഡി വേട്ട നടക്കുന്നത്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളാവും കാംപസ് ഫ്രണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക.
അതേസമയം, മലപ്പുറത്ത് ഇഡിക്കെതിരായ കാംപസ് ഫ്രണ്ട് പ്രതിഷേധത്തോട് അസഹിഷ്ണുത കാണിച്ചിട്ടുള്ളത് പിണറായി പോലിസാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫീക്ക് കല്ലായി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇഡിയ്‌ക്കെതിരായ കാംപസ് ഫ്രണ്ട് പ്രതിഷേധത്തില്‍ കേരളാ പോലിസ് വില്ലനാവരുതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം ജിഎസ്ടി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേയാണ് പോലിസ് ലാത്തിവീശിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി അടക്കമുള്ള നേതൃത്വങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍ കോട്ടയത്തും സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിന്‍ കോഴിക്കോടും സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി കണ്ണൂരും സംസ്ഥാന ട്രഷറര്‍ ആസിഫ് എം നാസര്‍ തൃശൂരിലും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സംസ്ഥാന സമിതിയംഗങ്ങളായ അല്‍ ബിലാല്‍ പാലക്കാടും പി എം മുഹമ്മദ് രിഫ കൊല്ലത്തും എം ഷേഖ് റസല്‍ വയനാടും സെബ ഷെറിന്‍ കാസര്‍കോടും മുഹമ്മദ് ഷാന്‍ ഇടുക്കിയിലും അബ്ദുല്‍ റാഷി പത്തനംതിട്ടയിലും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയില്‍ ജില്ലാ പ്രസിഡന്റ് മുനീര്‍ മുഹമ്മദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.