കൊച്ചിയില്‍ രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് സംഘം പിടിയില്‍

പച്ചാളം സ്വദേശി കോമരോത്ത് കെ ജെ അമല്‍ (22), അയ്യപ്പന്‍കാവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അക്ഷയ് (22), വടുതല സ്വദേശി നെവിന്‍ അഗസ്റ്റിന്‍(28),അയ്യപ്പന്‍കാവ് ഇലഞ്ഞിക്കല്‍ വീട്ടില്‍ ലെവിന്‍ ലോറന്‍സ് (28) എന്നിവരെയാണ് നാര്‍കോട്ടിക് സെല്‍ എസിപി കെ എ തോമസിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ് റെയ്ഡ് നടത്തി പിടികൂടിയത്

Update: 2021-03-18 17:09 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കൊച്ചി സിറ്റി പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് സംഘം കൊച്ചിയില്‍ പിടിയില്‍.പച്ചാളം സ്വദേശി കോമരോത്ത് കെ ജെ അമല്‍ (22), അയ്യപ്പന്‍കാവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അക്ഷയ് (22), വടുതല സ്വദേശി നെവിന്‍ അഗസ്റ്റിന്‍(28),അയ്യപ്പന്‍കാവ് ഇലഞ്ഞിക്കല്‍ വീട്ടില്‍ ലെവിന്‍ ലോറന്‍സ് (28) എന്നിവരെയാണ് നാര്‍കോട്ടിക് സെല്‍ എസിപി കെ എ തോമസിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ് റെയ്ഡ് നടത്തി പിടികൂടിയത്.

721 എല്‍എസ്ഡി. സ്റ്റാമ്പുകള്‍, 1.08 ഗ്രാം ഹാഷിഷ്, 20 ഗ്രാം കഞ്ചാവ്, 804500 രൂപ എന്നിവയാണ് ഇവരിനിന്നും പോലിസ് പിടികൂടിയത്. കൊച്ചി നഗരത്തില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ അളവില്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒരുമിച്ച് പിടികൂടുന്നത്.ഡാര്‍ക്ക്വെബ്ബ് വഴി ബിറ്റ് കോയിന്‍ ഇടപാടിലൂടെ ആണ് എല്‍എസ്ഡി സ്റ്റാമ്പ് ഓര്‍ഡര്‍ ചെയ്യുന്നത്. ഇവ പിന്നീട് കൊറിയറായി എറണാകുളത്ത് 'എത്തും. ഒരു ഡോളര്‍ മുതല്‍ മൂന്ന് ഡോളര്‍ വരെ വിലയ്ക്ക് വാങ്ങുന്ന എല്‍എസ്ഡി സ്റ്റാമ്പ് 1300 രൂപ മുതല്‍ 1500 രൂപ നിരക്കില്‍ ആണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുകയും ഇവ ചെറിയ തോതില്‍ വില്‍പ്പന നടത്തുകയും ചെയ്യുന്ന കെ ജെ അമല്‍,അക്ഷയ് എന്നിവരെയാണ് ആറ് എല്‍എസ്ഡി സ്റ്റാമ്പുകളുമായി ആദ്യം പിടികൂടിയത്. ഇവരില്‍ നിന്നാണ് രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ സംഘത്തിലെ പ്രധാനി ചിലവന്നൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെവിന്‍ അഗസ്റ്റിന്‍(28) പിടിയിലായി. ഇയാളാണ് വിദേശത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ച് ഏജന്റുമാര്‍ മുഖേന വില്‍പ്പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.

വാടക വീട്ടില്‍ നിന്നും 97 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 1.08 ഗ്രാം ഹാഷിഷ്, 20 ഗ്രാം കഞ്ചാവ്, 786000 രൂപ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ ത്രാസ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ വില്‍പ്പന നടത്തുന്ന ഏജന്റ് ലെവിന്‍ ലോറന്‍സ് (28)നെ പോലീസ് പിടികൂടിയത്.ലെവിനില്‍ നിന്ന് 618 എല്‍എസ്ഡി, സ്റ്റാമ്പുകള്‍, 18,500 രൂപ എന്നിവയും പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജുവിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു റെയ്ഡ്.ടൂറിസം മേഖലയില്‍ നിന്ന് മയക്കുമരുന്ന് രംഗത്തേക്ക് കൊടൈക്കനാല്‍ കേന്ദ്രീകരിച്ച് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നെവിന്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ മയക്കുമരുന്ന് കൊച്ചിയിലേക്ക് കടത്തി വില്‍പ്പന നടത്തി വരികയാണെന്ന് പോലിസ് പറഞ്ഞു. ജര്‍മ്മന്‍ സ്വദേശിനിയെ വിവാഹം ചെയ്ത ശേഷം 2021 ഫെബ്രുവരി മാസം മുതലാണ് നെവിന്‍ ചിലവന്നൂരില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. ഇയാളുടെ ബാങ്ക് വിവരങ്ങള്‍, ആസ്തി വിവരങ്ങള്‍, മയക്കുമരുന്ന് വാങ്ങുന്ന ഉറവിടങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News