മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് പോലിസ്
കൊച്ചി: കടലില്‍ വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ നാവിക പരിശീലന കേന്ദ്രത്തെ കേന്ദ്രികരിച്ച് തന്നെ അന്വേഷണം തുടരാന്‍ പോലിസ്. ഫോര്‍ട്ട് കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്ന് തന്നെയാകാം വെടിയുതിര്‍ത്തതെന്നാണ് ബാലിസ്റ്റിക് വിദഗ്ധയും അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകുമോ എന്നാണ് പോലിസ് പരിശോധിക്കുന്നത്. നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങള്‍ കൈമാറാന്‍ പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട്, ഫോര്‍ട്ടുകൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പോലിസ് മൂന്നുവട്ടം പരിശോധന നടത്തിയിരുന്നു. ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെയാണ് നാവിക പരിശീലന കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. ബോട്ടില്‍ നിന്ന് കണ്ടെടുത്ത വെടിയുണ്ട നേവിയിലെ തോക്കുകളില്‍ ഉപയോഗിക്കുന്നതാണോയെന്നാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. നാവിക പരിശിലീന കേന്ദ്രത്തോട് ചേര്‍ന്നുളള കടല്‍ഭാഗത്തും പോലിസ് പരിശോധന നടത്തിയിരുന്നു.
ഫോര്‍ട്ടുകൊച്ചി തീരത്തു നിന്ന് ഒന്നര കിലോമീറ്റര്‍ മാറി കടലില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലാണ് പോലിസ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം വെടിയുതിര്‍ത്തത് തങ്ങളല്ലെന്നും തങ്ങളുടെ തോക്കുകളിലെ വെടിയുണ്ടയല്ലെന്നാണ് നാവികസേനയുടെ വിശദീകരണം. എന്നാലിത് വിശ്വാസത്തിലെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കടല്‍ ഭാഗത്ത് പോലിസ് പരിശോധന നടത്തി. നാവിക കേന്ദ്രത്തില്‍ ഫയറിങ് പരിശീലനം നടത്തുന്ന പരിധിക്കുളളില്‍വെച്ചുതന്നെയാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സമയം ഇവിടെ പരിശീലനം നടന്നിരുന്നതായി വ്യക്തമായിട്ടുണ്ട്.
ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് കഴിഞ്ഞ ബുധനാഴ്ചയാണ് മത്സ്യബന്ധനത്തിനിടെ കടലില്‍ വച്ച് വെടിയേറ്റത്. മീന്‍പിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31 പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് കാതില്‍ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്റെ ചെവിയില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്.