മാധ്യമ വിലക്ക്: പ്രതിഷേധവുമായി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍

എറണാകുളം പ്രസ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന പ്രതിഷേധ യോഗം കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് ഉദ്ഘാടനം ചെയ്തു.എറണാകുളം ജെട്ടിയിലെ ബിഎസ്എന്‍എല്‍ ഓഫിസിനു മുന്നിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി

Update: 2020-03-07 09:15 GMT

കൊച്ചി:ഡല്‍ഹി കലാപവാര്‍ത്തകള്‍ റിപോര്‍ടു ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും പ്രതിഷേധ പ്രകടനവും നടന്നു. എറണാകുളം പ്രസ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന പ്രതിഷേധ യോഗം കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് ഉദ്ഘാടനം ചെയ്തു.


വാര്‍ത്തകള്‍ റിപോര്‍ട് ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങളെ വിലക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഇ എസ് സുഭാഷ് പറഞ്ഞു.തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വായ്മുടിക്കെട്ടി വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.ഇത്തരം ഫാസിസ്റ്റ് മനോഭാവത്തെ മാധ്യമലോകം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കുമെന്നും ഇ എസ് സുഭാഷ് പറഞ്ഞു.


പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് അനിത മേരി ഐപ് അധ്യക്ഷത വഹിച്ചു.പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഗോപകുമാര്‍,സംസ്ഥാന സെക്രട്ടറി ഷബ്‌ന സിയാദ്,കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി വിനോദ്,കെഎന്‍ഇഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി എന്‍ ഷിഹാബ് സംസാരിച്ചു.പ്രസ് ക്ലബ്ബ് സെക്രട്ടറി പി ശശികാന്ത് സ്വാഗതവും ഖജാന്‍ജി സിജോ പൈനാടത്ത് നന്ദിയും പറഞ്ഞു.തുടര്‍ന്ന് എറണാകുളം ജെട്ടിയിലെ ബിഎസ്എന്‍എല്‍ ഓഫിസിനു മുന്നിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

Tags:    

Similar News