മീഡിയ വണ്‍ : അപ്പീല്‍ തള്ളി;സംപ്രേഷണ വിലക്ക് തുടരും
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ അപ്പീല്‍ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബഞ്ച് അപ്പീല്‍ തള്ളിയത്.മാനേജ്‌മെന്റിന്റെ ഹരജിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനും കക്ഷി ചേര്‍ന്നിരുന്നു.
കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി.ഇതോടെ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് തുടരും.കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബഞ്ച് അപ്പീല്‍ തള്ളിയത്. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവണ്‍ മാനേജ്‌മെന്റ് അറിയിച്ചു.ജനുവരി 31 നാണ് കേന്ദ്രസര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞത്
കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍ മാനേജ്‌മെന്റ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ഹരജിയുമായി സമീപിച്ചിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയനും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ നടപടി തുടക്കത്തില്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നുവെങ്കിലും പിന്നീട് വിശദമായ വാദം കേട്ട ശേഷം കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഹരജി സമര്‍പ്പിച്ചത്.തുടര്‍ന്ന് വിശദമായ വാദമായിരുന്നു ഇരു വിഭാഗവും നടത്തിയത്.
മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ സുപ്രിം കോടതി വിധികള്‍ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷ വിലക്ക് നീക്കണമെന്ന് ചാനലിനു വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകന്‍ ദുഷ്യന്ത് ധവേ കോടതിയില്‍ വാദിച്ചിരുന്നു.വാര്‍ത്താ ചാനലുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്ന സമയത്ത് സെക്യൂരിറ്റി ക്ലിയറന്‍സ് ആവശ്യമില്ല.സെക്യൂരിറ്റി ക്ലിയറന്‍സില്ലന്ന് ഒരു ഘട്ടത്തിലും മീഡിയാവണ്ണിനെ അറിയിച്ചിരുന്നില്ല. ലൈസന്‍സ് എടുക്കുന്നതിനുള്ള ആദ്യ അപേക്ഷയും പിന്നീട് പുതുക്കലിന്റെ അപേക്ഷയും വ്യത്യസ്തമാണ്. അഞ്ച് തവണയില്‍ കൂടുതല്‍ അനുമതിയുടെ ഉപാധികള്‍ തെറ്റിച്ചാല്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കാനാവു.10 വര്‍ഷത്തിനിടെ ചാനലിന്റെ ഭാഗത്ത് നിന്നും ഒരു നിയമ വിരുദ്ധപ്രവര്‍ത്തിയുമുണ്ടായിട്ടില്ല.ഇതിനിടയിലൊന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ക്ലിയറന്‍സ് നിഷേധിച്ചിട്ടില്ല. പ്രോഗ്രാമിലെന്തങ്കിലും പ്രശ്‌നമുണ്ടങ്കില്‍ അത് ചൂണ്ടി കാണിക്കണം.ലൈസന്‍സ് റദ്ദാക്കുകയല്ല വേണ്ടതെന്നും ദുഷ്യന്ത് ധവേ വാദിച്ചിരുന്നു.
എന്നാല്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് വസ്തുതാപരമാണെന്നും അപ്പീല്‍ ഹരജി തള്ളണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്.മതിയായ രേഖകള്‍ പരിശോധിച്ചാണ് സിംഗിള്‍ ബഞ്ച് വിധി പറഞ്ഞത്.ഒരു ചെറിയ വാര്‍ത്തയാണങ്കിലും രാജ്യത്തിനെതിരാണങ്കില്‍ അത് ദേശസുരക്ഷാ ലംഘനമാണ്.ഹരജിക്കാര്‍ ഉന്നയിച്ച സുപ്രിം കോടതി ഉത്തരവുകള്‍ അതാത് കാലത്തെ നിയമ ഭേദഗതികള്‍ക്കനുസരിച്ചാണ്. അത് ഇപ്പോള്‍ ബാധകമല്ലന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടി കാട്ടിയിരുന്നു. ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി വിധി പറയാനായി മാറ്റുകയായിരുന്നു.