വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്ത സംഭവം; മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Update: 2021-12-16 15:55 GMT

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനെ സസ്‌പെന്റ് ചെയ്തു. ഗണ്‍മാന്‍ അനീഷ്‌മോനെയാണ് സസ്‌പെന്റ് ചെയ്തത്. അനീഷ്‌മോനെതിരേ വിശദമായ അന്വേഷണം നടത്തും. നേരത്തെ സംഭവത്തില്‍ അനീഷ്‌മോനെതിരേ അമ്പലപ്പുഴ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ശനിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെ 16ാം വാര്‍ഡിലായിരുന്നു സംഭവം. അനീഷ്‌മോന്റെ അച്ഛന്‍ കുഞ്ഞുകുഞ്ഞ് (പീയൂസ്-73) പനിയെത്തുടര്‍ന്ന് ഇവിടെ ചികില്‍സയിലായിരുന്നു. രാത്രി നില വഷളായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അടിയന്തരപരിചരണം നല്‍കാന്‍ പ്രത്യേക മുറിയിലേക്ക് മാറ്റുന്നതിനിടെയാണ് അനീഷ്‌മോന്‍ സ്ഥലത്തെത്തിയത്. രോഗി മരിച്ചതോടെ രോഷാകുലനായ അനീഷ്‌മോന്‍ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്യുകയും ഭീഷണി മുഴക്കുകയും ചെയ്തതെന്നാണ് പരാതി.

ആശുപത്രി സൂപ്രണ്ട് ഉടന്‍തന്നെ പോലിസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. വനിതാ ഹൗസ് സര്‍ജന്റെ മൊഴിയിലാണ് പോലിസ് കേസെടുത്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്‍മാര്‍ പണിമുടക്ക് ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് ഗണ്‍മാനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

Tags:    

Similar News