ആറ്റുകാൽ പൊങ്കാല അർപ്പിച്ച് പതിനായിരങ്ങൾ; വിദേശികളെ മടക്കിയയച്ചു
കമലേശ്വരത്ത് പൊങ്കാലയിടാനെത്തിയ വിദേശികളെയാണ് മടക്കി അയച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിരുവനന്തപുരം: കൊറോണ ഭീതി നിലനിൽക്കെ ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പതിനായിരങ്ങൾ. പത്ത് കിലോമീറ്റര്‍ പരിധിയില്‍ പതിനായിരക്കണക്കിന് പൊങ്കാലയടുപ്പുകളാണ് ഒരുക്കിയത്. നഗരപരിധിയിലെ 32 വാർഡുകളിലായി അണിനിരന്ന പൊങ്കാല അടുപ്പുകളിൽ പുലർച്ചെ തന്നെയെത്തിയ സ്ത്രീ ഭക്തർ കുരവയിട്ട് നിവേദ്യമൊരുക്കി.
മൂവായിരത്തിലധികം പോലിസ് സേനാംഗങ്ങൾ ഭക്തർക്ക് സുരക്ഷയൊരുക്കി. നഗരത്തിലെത്തിയ ഭക്തർക്ക് ഭക്ഷണം നൽകി സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും സജീവമായി. ഒരേസമയം നിവേദ്യം സമർപ്പിക്കുന്നതിനായി 250ൽ പരം ശാന്തിമാരുടെ സേവനമാണ് ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയത്. പൊങ്കാല കഴിഞ്ഞയുടൻ കോർപ്പറേഷന്റെ 2500 ശുചീകരണ തൊഴിലാളികളുടെ ശ്രമകരമായ ജോലിയിലൂടെ നഗരം പൂർവസ്ഥിതിയിലാക്കി.
അതേസമയം, കൊറോണ ആശങ്കയിൽ സർക്കാർ നിർദേശം ലംഘിച്ച് പൊങ്കാലയിടാനെത്തിയ വിദേശികളെ മടക്കി അയച്ചു. കമലേശ്വരത്ത് പൊങ്കാലയിടാനെത്തിയ വിദേശികളെയാണ് മടക്കി അയച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോവളത്തെ ഒരു സ്വകാര്യ ഹോട്ടൽ അധികൃതരാണ് ഇവരെ എത്തിച്ചതെന്ന് വ്യക്തമായതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.