ഓട്ടിസം ബാധിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; പ്രതിയെ പിടികൂടാതെ പോലിസ്
കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയായ ഗണിത അധ്യാപകന്‍ സന്തോഷിനെ പോലിസ് പിടികൂടിയില്ല. ഉന്നതബന്ധം ഉപയോഗിച്ച് പ്രതി ഒളിവില്‍ തുടരുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു.
തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച പത്തു വയസുകാരൻ പീഡനത്തിന് ഇരയായതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. കുട്ടി പീഡനത്തിന് ഇരയായെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
അതേസമയം, കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയായ ഗണിത അധ്യാപകന്‍ സന്തോഷിനെ പോലിസ് പിടികൂടിയില്ല. ഉന്നതബന്ധം ഉപയോഗിച്ച് പ്രതി ഒളിവില്‍ തുടരുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. സ്കൂള്‍ അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും കുടുംബം പറയുന്നു. ഇതോടെ നീതി തേടി കുട്ടിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
സ്കൂളിലെ ഗണിതാധ്യാപകൻ ഓട്ടിസ ബാധിതനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലിസ് അറിയിച്ചു. മാതാവിന്റെ പരാതിയിലാണ് അധ്യാപകനായ സന്തോഷിനെതിരെ ശ്രീകാര്യം പോലിസ് കേസ് എടുത്തത്. പരാതി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു.
ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകൾ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം. പരാതി പിൻവലിക്കാൻ പലരിൽ നിന്നും ഭിഷണിയുണ്ടെന്നും കൂട്ടിയുടെ അമ്മ പറഞ്ഞു.