അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; കൊല്ലപ്പെട്ടത് ആരൊക്കെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം
കൊല്ലപ്പെട്ടവര്‍ ശ്രീമതിയും സുരേഷും ആണെന്ന് ആദ്യദിവസം പറഞ്ഞിരുന്നു. എന്നാല്‍, കേരള, തമിഴ്‌നാട്, കര്‍ണാടക ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ രമയും അരവിന്ദുമാണെന്ന് സ്ഥിരീകരിച്ചത്.
പാലക്കാട്: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് സേന വെടിവച്ചുകൊന്ന മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. സിപിഐ(മാവോയിസ്റ്റ്) ഭവാനി ദളം അംഗങ്ങളായ കാര്‍ത്തി, രമ, അരവിന്ദ്്, ഭവാനി ദളം സൗത്ത്‌സോണ്‍ കമ്മിറ്റിയിലെ മുതിര്‍ന്ന നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോവാദികള്‍ക്കായി ഇന്നും തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരും. കൊല്ലപ്പെട്ടവര്‍ ശ്രീമതിയും സുരേഷും ആണെന്ന് ആദ്യദിവസം പറഞ്ഞിരുന്നു. എന്നാല്‍, കേരള, തമിഴ്‌നാട്, കര്‍ണാടക ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ രമയും അരവിന്ദുമാണെന്ന് സ്ഥിരീകരിച്ചത്. സേലം സ്വദേശിയായ മണിവാസകത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്‌നാട് പോലിസ് രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടത് മണിവാസകം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് തമിഴ്‌നാട് പോലിസ് വ്യക്തമാക്കി.
മഞ്ചി കണ്ടി വനത്തിലാണ് രക്ഷപ്പെട്ട മാവോവാദികള്‍ ഉള്ളതെന്നാണ് സൂചന. ഇവര്‍ തമിഴ്‌നാട് വനത്തില്‍ എത്തിയെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്‌നാട് പോലിസ് പരിശോധന ശക്തമാക്കി. ഇന്നലെ മഞ്ചി കണ്ടി വനമേഖലയില്‍ നടന്ന തിരച്ചിലില്‍ തോക്കുകള്‍ കണ്ടെടുത്തതായി റിപോര്‍ട്ടുണ്ട്. കാടിനകത്ത് മാവോവാദികള്‍ തങ്ങാന്‍ ഉപയോഗിച്ചിരുന്ന ഷെഡ്ഡും സാധനങ്ങളും തണ്ടര്‍ബോള്‍ട്ട് കണ്ടെത്തി. ഏറ്റുമുട്ടല്‍ നടന്ന പരിസരത്ത് മൂന്നുപേര്‍ പേര്‍ ഇപ്പോഴും ഉണ്ടെന്നാണ് സൂചന.