എല്ലാ ആയുര്‍വേദ ആശുപത്രികളിലും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

അതാത് പ്രദേശത്തെ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ ഔഷധങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണ് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി ഉദ്ദേശിക്കുന്നത്.

Update: 2020-04-17 13:43 GMT

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച സ്‌റ്റേറ്റ് ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍്‌സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എന്‍എച്ച്എം ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ആശുപത്രികളും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

അതാത് പ്രദേശത്തെ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ ഔഷധങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണ് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി ഉദ്ദേശിക്കുന്നത്. പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സര്‍ക്കാര്‍ സ്വകാര്യ ആയുര്‍വേദ കോളജുകള്‍, മറ്റ് ആശുപത്രികള്‍ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ആയുര്‍രക്ഷാ ക്ലിനിക്ക് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

നീണ്ടു പോകുന്ന ലോക്ക് ഡൗണ്‍ കാലത്ത് ജീവിതശൈലീ രോഗങ്ങള്‍ അനിയന്ത്രിതമാകാന്‍ ഇടയുണ്ട്. ഇതിനുള്ള ആയുര്‍വേദ പ്രതിരോധമായി ലളിതമായ യോഗാസനങ്ങളും ശ്വസനപരിശീലനങ്ങും ഉള്‍പ്പെടുത്തി പ്രതിദിനം 20 മിനിട്ട് നീണ്ടുനില്‍ക്കുന്ന സാര്‍വത്രിക വ്യായാമ പരിപാടി 'സ്വാസ്ഥ്യ' എന്ന പേരില്‍ സംസ്ഥാന ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലിന്റെ ഭാഗമായി ആരംഭിക്കുന്നു.

60 വയസിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനുവേണ്ടി 'സുഖായുഷ്യം' എന്ന പേരില്‍ പ്രത്യേക വൃദ്ധജനാരോഗ്യ സംരക്ഷണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ആയുര്‍വേദ കോളജുകളിലും ജില്ലാ ആയുര്‍വേദ ആശുപത്രികളിലും മറ്റു ആയുര്‍വേദ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ചികിത്സ ബുദ്ധിമുട്ടായ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കുന്നതിന് ഒരു ഓണ്‍ കോള്‍ ഒ.പി. സംവിധാനം നിരാമയ എന്ന പേരില്‍ ആരംഭിക്കുന്നതാണ്. രോഗികള്‍ക്ക് സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനും ക്വാറന്റയിന്‍/ഐസൊലേഷന്‍ രോഗികള്‍ക്ക് കൗണ്‍സലിംഗ് സൗകര്യങ്ങളും പൊതുവായ വൈദ്യോപദേശങ്ങളും നിരാമയ ഓണ്‍ കോള്‍ ഒ.പി. സംവിധാനം വഴി ലഭ്യമാക്കും.

സംസ്ഥാനതല ആയുര്‍വേദ കൊവിഡ് റെസ്‌പോണ്‍സ് സെല്ലുകള്‍, മേഖലാതല ആയുര്‍വേദ കൊവിഡ് റെസ്‌പോണ്‍സ് സെല്ലുകള്‍, ജില്ലാതല ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലുകള്‍ എന്നിവയാണ് രോഗ പ്രതിരോധത്തിനുളള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. രോഗ പ്രതിരോധത്തിന് വേണ്ടി സംസ്ഥാന ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ പൊതുജനങ്ങള്‍ക്കായി വിവിധങ്ങളായ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 

Tags:    

Similar News