മമ്മൂട്ടിയുടെ ബാബാ സാഹേബ് അംബേദ്കര്‍ ഇനി മലയാളത്തിലും കാണാം

Update: 2019-02-25 16:16 GMT

തിരുവനന്തപുരം: മലയാളം സൂപര്‍സ്റ്റാര്‍ മമ്മൂട്ടിക്ക് 1998 ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ബാബാ സാഹേബ് അംബേദ്കര്‍ എന്ന ചിത്രം ഇനി ഇംഗ്ലീഷ്-മലയാളം സബ്‌ടൈറ്റിലില്‍ കാണാം. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രത്തിന്, മലയാളം സബ്‌ടൈറ്റിലുകള്‍ ഒരുക്കുന്ന എംസോണാണ് ചിത്രത്തിന്റെ മലയാളം പരിഭാഷ പുറത്തിറക്കുന്നത്. എം സോണ്‍ മലയാളത്തിലെ സുഭാഷ് ഒട്ടുംപുറം, സുനില്‍ നടക്കല്‍, ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുല്‍ മജീദ്, പ്രവീണ്‍ അടൂര്‍ എന്നിവരാണ് പരിഭാഷ ഒരുക്കിയതിനു പിന്നില്‍. 2.58 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പരിഭാഷയ്ക്കു വേണ്ട സാങ്കേതിക സഹായം ഒരുക്കിയത് ഇതേ സംഘത്തിലെ പ്രവീണ്‍ അടൂര്‍, നിഷാദ്, ലിജോ ജോയ് എന്നിവരാണ്. ഡോ. അംബേദ്കറുടെ 1901 മുതല്‍ 1956 വരെയുള്ള ജീവിതസമരമാണ് ചിത്രത്തില്‍ പറയുന്നത്. എംസോണ്‍ തന്നെയായിരുന്നു നേരത്തേ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറക്കിയത്. 2019 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് ഇംഗ്ലീഷ് പരിഭാഷ എംസോണ്‍ പുറത്തിറക്കിയത്. വര്‍ത്തമാന ഇന്ത്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അംബേദ്കര്‍ സിനിമയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അതാണ് പ്രചോദനമായതെന്നും എം സോണ്‍ മലയാളം പറയുന്നു. സബ്‌ടൈറ്റില്‍ എം സോണിന്റെ ടെലിഗ്രാം ചാനലില്‍ ലഭിക്കും.

    എന്നാല്‍, ബാബാ സാഹേബ് അംബേദ്കര്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നതിനോട് ചിത്രവുമായി ബന്ധപ്പെട്ട കേരളത്തില്‍ നിന്നുള്ള ലോക പ്രശസ്തരായ ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നതായി സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. സിനിമ മലയാളത്തില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ കേരള ദലിത് പാന്തേഴ്‌സ് പ്രസീഡിയം മെംബര്‍ കെ അംബുജാക്ഷന്‍ നിയമപോരാട്ടവും നടത്തിയിരുന്നു.




Tags:    

Similar News