ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് 19
ഡല്‍ഹി രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് 19. ഡല്‍ഹി രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. നോയിഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍സാണ് റിപോര്‍ട്ട് പുറത്ത് വിട്ടത്. ഇതില്‍ ആറ് ഡോക്ടര്‍മാരും, 20 നഴ്സുമാരും മൂന്ന് ശൂചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്നു. നേരത്തെ 51 പേരെ ഇവിടെ നിരീക്ഷണത്തിലാക്കിയിരുന്നു. അതേസമയം ഡല്‍ഹി പട്പട്ഗഞ്ച് മാക്‌സില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ തന്നെ ജഗജീവന്‍ റാം ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂട്ട രോഗബാധയെ തുടര്‍ന്ന് ആശുപത്രി അടച്ചു പൂട്ടി.ഇതോടെ തലസ്ഥാനത്ത് വ്യത്യസ്ത ആശുപത്രികളിലായി 88 ജീവനക്കാര്‍ക്ക് കൊവിഡ് രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച ഡല്‍ഹി ഹിന്ദു റാവു ആശുപത്രി നിയന്ത്രിതമായി തുറക്കും. കാഷ്വാലിറ്റി, എമര്‍ജന്‍സി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. കുട്ടികളുടെയും സ്ത്രീകളുടേയും വിഭാഗവും മെഡിസിന്‍ ഒ പിയും തുറക്കും. പനി ക്ലിനിക്കും പ്രവര്‍ത്തിക്കും.
നിലവില്‍ ഡല്‍ഹിയില്‍ 2,918 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 54 പേര്‍ മരിക്കുകയും 877 പേര്‍ രോഗമുക്തരാവുകയും ചെയ്തു. രാജ്യത്താകമാനം പോസിറ്റീവ് കൊറോണ വൈറസ് കേസുകളുടെ എണ്ണം 27000 കടന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം ഇതുവരെ 6184 രോഗികള്‍ രോഗമുക്തരായി. 872 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.