ബാബരി മസ്ജിദ് മരിക്കാത്ത ഓര്‍മ; ക്ഷേത്രനിര്‍മാണം അനീതിയുടെ ആഘോഷം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
തെളിവുകളും രേഖകളും മുസ്‌ലിംകള്‍ക്ക് അനുകൂലമായിരുന്നിട്ടും നീതിപീഠത്തില്‍നിന്നുണ്ടായത് നിയമവിരുദ്ധവും അനീതി നിറഞ്ഞതുമായ വിധിയായിരുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ യശസ്സിനേറ്റ കളങ്കം ശതഗുണീഭവിക്കുകയാണ് പള്ളി നിന്ന സ്ഥലം ക്ഷേത്രനിര്‍മാണത്തിനു വിട്ടുകൊടുത്ത സുപ്രിംകോടതിയുടെ വിചിത്രവിധിയിലൂടെ സംഭവിച്ചത്.
കോഴിക്കോട്: സുദീര്‍ഘമായ 463 കൊല്ലം പള്ളിയായി നിലകൊണ്ട ബാബരി മസ്ജിദ് എക്കാലവും പള്ളിയായിരിക്കുമെന്നും ബാബരിയുടെ ഓര്‍മ മരിക്കാതെ നിലനില്‍ക്കുമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കോടതി വിധിയുടെ മറപിടിച്ചാണെങ്കിലും മസ്ജിദ് ഭൂമിയില്‍ അന്യായമായി ക്ഷേത്രം നിര്‍മിക്കാനുള്ള നീക്കം അനീതിയുടെ ആഘോഷമാണെന്നും മതനിരപേക്ഷ ഇന്ത്യയുടെ ചരമക്കുറിപ്പാണതെന്നും ഇമാംസ് കൗണ്‍സില്‍ വ്യക്തമാക്കി.
സംഘപരിവാര വര്‍ഗീയശക്തികള്‍ 1992 ഡിസംബര്‍ 6 ന് മസ്ജിദ് തകര്‍ത്തെറിഞ്ഞ ശേഷവും വ്രണിതഹൃദയരായ മുസ്‌ലിംകള്‍ നീതിപുലരുമെന്ന പ്രതീക്ഷയോടെ നീണ്ട 27 വര്‍ഷം നിയമപരമായ പരിഹാരത്തിനായി ക്ഷമയോടെ കാത്തിരുന്നു. തെളിവുകളും രേഖകളും മുസ്‌ലിംകള്‍ക്ക് അനുകൂലമായിരുന്നിട്ടും നീതിപീഠത്തില്‍നിന്നുണ്ടായത് നിയമവിരുദ്ധവും അനീതി നിറഞ്ഞതുമായ വിധിയായിരുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ യശസ്സിനേറ്റ കളങ്കം ശതഗുണീഭവിക്കുകയാണ് പള്ളി നിന്ന സ്ഥലം ക്ഷേത്രനിര്‍മാണത്തിനു വിട്ടുകൊടുത്ത സുപ്രിംകോടതിയുടെ വിചിത്രവിധിയിലൂടെ സംഭവിച്ചത്.
നിയമവും നീതിയുമല്ല, കൈയൂക്കും വര്‍ഗീയതയുമാണ് 'ജനാധിപത്യ മതേതര' ഇന്ത്യയുടെ മുഖമുദ്രയെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു പരമോന്നത നീതിപീഠവും. ഒരിക്കല്‍ വഖ്ഫ് ചെയ്യപ്പെട്ട ഭൂമി ലോകാവസാനം വരെ വഖ്ഫ് ഭൂമിയായി നിലകൊള്ളുമെന്നിരിക്കെ കാലമെത്ര കഴിഞ്ഞാലും പ്രസ്തുത ഭൂമി പള്ളിയുടേതായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. അനീതിയുടെ താല്‍ക്കാലിക വിജയത്തിനും വര്‍ഗീയതയുടെ അക്രമാധിപത്യത്തിനും അല്‍പ്പായുസ് മാത്രമേ ഉണ്ടായിരിക്കൂ എന്നതിന് ചരിത്രം സാക്ഷിയാണ്. കൃത്രിമ പൊതുബോധം സൃഷ്ടിച്ചും ജുഡീഷ്യറിയെ പോലും വരുതിയിലാക്കിയും ഹിന്ദുത്വര്‍ കവര്‍ന്നെടുത്ത ബാബരി മസ്ജിദിന്റെ യഥാര്‍ഥ ചരിത്രം രാജ്യത്ത് പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെ ചെവിയിലേക്കും പകര്‍ന്നുകൊടുക്കുകയെന്നത് നമ്മുടെ ദൗത്യമാണ്.
നീതിപുലരുന്ന കാലത്തിനു സാക്ഷിയാവുന്ന പുതിയ തലമുറ ഈ അനീതി തിരുത്തുന്നതിന് നാം പ്രതീക്ഷയോടെ കാത്തിരിക്കുക. ഇനിയും മറ്റുള്ളവരുടെ ആരാധനാലയങ്ങളുടെ മേല്‍ കൈവയ്ക്കാമെന്ന ധാര്‍ഷ്ട്യമനോഭാവം ഹിന്ദുത്വശക്തികള്‍ കൈയൊഴിയുമെന്നു കരുതുന്നത് മൗഢ്യമാണ്. അത്തരം അക്രമപദ്ധതികളെ ചെറുക്കാനുള്ള ഇച്ഛാശക്തിയും ജാഗ്രതയും മതന്യൂനപക്ഷങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. അന്യായമായതൊന്നും മുസ്ലിം സമുദായത്തിന് ആവശ്യമില്ല. പക്ഷേ, ന്യായമായ കാര്യങ്ങള്‍ നേടിയെടുക്കുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. ഇത്തരം മൗലികാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി മതേതര ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കണം.
മസ്ജിദ് തകര്‍ത്തപ്പോള്‍ മൗനം കൊണ്ട് സംഘപരിവാരത്തിനൊപ്പം കൂട്ടുപ്രതികളായ കപട മതേതര കക്ഷികളില്‍ ചിലരെങ്കിലും വഖ്ഫ് ഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവരാവട്ടെ മൗനംകൊണ്ട് വീണ്ടും തെറ്റിനെ പിന്തുണയ്ക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ അത്യന്തം അപകടകരമാണ്. മതേതര രക്ഷകരെ കാത്തിരുന്നു കാലം കളയാതെ വര്‍ഗീയഫാഷിസത്തിന്റെ ആപല്‍ക്കരമായ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാനുള്ള ആര്‍ജവമാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ സമുദായ നേതൃത്വം പ്രകടിപ്പിക്കേണ്ടതെന്നും ഇമാംസ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.