ബംഗളൂരു സര്‍വകലാശാല കാംപസിലെ ക്ഷേത്രനിര്‍മാണം; പ്രതിഷേധം കടുപ്പിച്ച് അധ്യാപകരും വിദ്യാര്‍ഥികളും
ബംഗളൂരു: സര്‍വകലാശാല കാംപസില്‍ ഗണേശ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടുപോവുന്ന നഗര ഭരണകൂടത്തിനെതിരേ പ്രതിഷേധം ശക്തമാക്കി അധ്യാപകരും വിദ്യാര്‍ഥികളും രംഗത്ത്. ബൃഹത് ബംഗളൂരു മഹാനഗര പാലകെ (ബിബിഎംപി)യാണ് ബംഗളൂരു സര്‍വകലാശാലയുടെ ജ്ഞാനഭാരതി കാംപസ് വളപ്പിനുള്ളില്‍ ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനെതിരേ വിദ്യാര്‍ഥികളും അധ്യാപകരും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുകയാണ്. കാംപസിനുള്ളിലെ പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ബിജെപി സര്‍ക്കാര്‍ സര്‍വകലാശാലയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. വെള്ളിയാഴ്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപകരും നൂറുകണക്കിന് വിദ്യാര്‍ഥികളും തടിച്ചുകൂടി. റോഡ് വീതി കൂട്ടുന്നതിനാല്‍ പൊളിച്ചുമാറ്റിയ പഴയ ക്ഷേത്രത്തിന് പകരം ക്ഷേത്രം നിര്‍മിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. രജിസ്ട്രാര്‍, വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് മറികടന്നാണ് ബിബിഎംപി കാംപസിനകത്ത് ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടുപോവുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
നിര്‍മാണ ചുമതലയുള്ള ബിബിഎംപി എന്‍ജിനീയര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, ബിബിഎംപി ചീഫ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും വിദ്യാര്‍ഥികള്‍ തീരുമാനിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ സര്‍വകലാശാലാ അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയതോടെ പ്രശ്‌നം ഗുരുതരമായി. തന്റെ ഭരണകാലത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ബംഗളൂരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജയകര ഷെട്ടി വ്യക്തമാക്കി. തീരുമാനം നേരത്തെ എടുത്തതാണെന്നും ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കെ ക്ഷേത്രത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിക്കുന്നവര്‍ കുറ്റവാളികളാണെന്നാരോപിച്ചാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരേ എന്‍ജിനീയര്‍ പോലിസില്‍ പരാതി നല്‍കിയത്. അതേസമയം, സര്‍വകലാശാലയുടെ മൈസൂര്‍ റോഡ് മല്ലത്തഹള്ളിയിലുള്ള ജ്ഞാനഭാരതി കാംപസില്‍ നേരത്തെ ഒരു ഗണേശ ക്ഷേത്രമുണ്ടായിരുന്നതായി ബിബിഎംപി അധികൃതര്‍ പറയുന്നു. റോഡിന്റെ വീതികൂട്ടാനായി ക്ഷേത്രം പൊളിക്കേണ്ടിവന്നു. ഈ ക്ഷേത്രം സര്‍വകലാശാലാ വളപ്പിനുള്ളില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്നാണ് ബിബിഎംപി അധികൃതരുടെ വിശദീകരണം.
ക്ഷേത്ര നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കിയിട്ടും ബിബിഎംപി അധികൃതര്‍ നിര്‍ത്തിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. യുജിസി നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സര്‍വകലാശാല വിദ്യാഭ്യാസത്തിനുള്ള കേന്ദ്രമാണെന്നും മതാചാരത്തിനുള്ള സ്ഥലമല്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. രജിസ്ട്രാറുടെയും വൈസ് ചാന്‍സലറുടെയും വിലക്ക് മറികടന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.
അതേസമയം, വൈസ് ചാന്‍സലര്‍ ഡോ.എസ് എം ജയകര സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. നിര്‍മാണത്തിന് വിദ്യാര്‍ഥികള്‍ എതിരല്ല, മറിച്ച് പുതിയ ക്ഷേത്രത്തിന് പകരം അംഗീകൃത ലബോറട്ടറികള്‍ അവര്‍ക്ക് കൂടുതല്‍ സഹായകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാംപസില്‍ എന്ത് വിലകൊടുത്തും ക്ഷേത്രം നിര്‍മ്മിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഹിന്ദു വിരുദ്ധ ശക്തികളുടെയും ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ ആരോപിക്കുന്നു.