സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്തതിന് പിന്നില്‍ വന്‍ ഗൂഢാലോചന: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ആദ്യം നിസാരവകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. പിന്നീട് ഉന്നതങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ പിന്‍ബലത്തിലാണ് തീവ്രവാദപ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നതിനുള്ള യുഎപിഎ ചുമത്തി കോടതിയില്‍ പ്രത്യേക റിപോര്‍ട്ട് നല്‍കിയത്.

Update: 2021-01-12 07:29 GMT

തിരുവനന്തപുരം: ഹാഥ്‌റസില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റുചെയ്ത് തുറുങ്കിലടച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നത് വസ്തുതാപരമായ വിഷയമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്തും മക്കളും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.


 ഹാഥ്‌റസ് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുമ്പോള്‍ യുപിയുടെ അതിര്‍ത്തി കടന്നുപോവുന്ന ഘട്ടത്തിലാണ് പിന്തുടര്‍ന്ന് സിദ്ദീഖിനെയും സുഹൃത്തുക്കളെയും പോലിസ് അറസ്റ്റുചെയ്യുന്നത്. കൂടെ വന്ന മൂന്നുപേര്‍ക്കും അനുഭവിക്കേണ്ടിവന്നതിനേക്കാള്‍ കൊടിയ പീഡനവും ക്രൂരമായ അനുഭവവുമാണ് സിദ്ദീഖ് കാപ്പന് നേരിടേണ്ടിവന്നതെന്ന് പറയുമ്പോള്‍ ബോധപൂര്‍വമായി ആസൂത്രണം ചെയ്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് വ്യക്തമാണ്. ആദ്യം നിസാരവകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. പിന്നീട് ഉന്നതങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ പിന്‍ബലത്തിലാണ് തീവ്രവാദപ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നതിനുള്ള യുഎപിഎ ചുമത്തി കോടതിയില്‍ പ്രത്യേക റിപോര്‍ട്ട് നല്‍കിയത്.


 ഒരുകാരണവശാലും ജാമ്യം ലഭിക്കരുതെന്ന ദുരുദ്ദേശത്തോടുകൂടിയാണ് റിപോര്‍ട്ട് നല്‍കിയത്. കോടതിയില്‍നിന്ന് നിയമത്തിന്റെ സാങ്കേതികത്വത്തിന്റെ പേരില്‍ നീതിലഭിക്കുന്നില്ല. യുപി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ജാമ്യം ലഭിക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയകാരണങ്ങളുടെ പേരില്‍ അന്യായമായി കല്‍ത്തുറുങ്കിലടച്ച കാപ്പന്റെ മോചനത്തിന് രാഷ്ട്രീയ ഇടപെടലുണ്ടാവണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഇടപെടണം. സമാനസ്വഭാവത്തിലുള്ള നിരവധി കേസുകളില്‍ കേരള നിയമസഭ പ്രമേയം ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏകകണ്‌ഠേന പ്രമേയം പാസാക്കിയ ചരിത്രമുണ്ട്. കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഇടപെട്ട അനുഭവവും സംസ്ഥാന സര്‍ക്കാരിനുണ്ട്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഏറ്റവും അനുപേക്ഷണീയമാണ് മാധ്യമസ്വാതന്ത്ര്യം.

നിക്ഷ്പക്ഷവും നീതിപൂര്‍വകവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ മാത്രമേ അര്‍ഥപൂര്‍ണമായ ജനാധിപത്യപ്രക്രിയ സാധ്യമാവുകയുള്ളൂ. കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഹാഥ്‌റസില്‍ പോവുമ്പോള്‍ അറസ്റ്റുചെയ്യുന്നതിന്റെ നീതിയെന്താണ്. മാധ്യമസ്വാതന്ത്ര്യത്തിനേറ്റ വെല്ലുവിളിയാണ് സിദ്ദീഖ് കാപ്പന്റെ തടങ്കല്‍. ഇത് മാധ്യമപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തലാണ്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്നു. ഭരണകൂടത്തിന് അനിഷ്ടകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്താല്‍ യുഎപിഎ പോലുള്ള ജനവിരുദ്ധനിയമം ഉപയോഗിച്ച് കല്‍ത്തുറുങ്കില്‍ അടയ്ക്കുമെന്ന മുന്നറിയിപ്പാണ് യോഗിയും കേന്ദ്രസര്‍ക്കാരും നല്‍കുന്നത്.

സിദ്ദീഖ് കാപ്പന് എന്ന വ്യക്തിയല്ല, ഒരു സ്ഥാപനമാണ് ആക്രമിക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണിനെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ഥ ഫാഷിസത്തിന്റെ പ്രതിഫലനമാണ് സിദ്ദീഖിന്റെ അറസ്റ്റിലൂടെയുണ്ടായതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ ശ്രീജ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, കെ യുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആര്‍ അജയന്‍, സേവാ യൂനിയന്‍ പ്രസിഡന്റ് സീറ്റോ ദാസ്, എന്‍ സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, മൈനോരിറ്റി റൈറ്റ്‌സ് വാച്ച് ജനറല്‍ സെക്രട്ടറി എ എം നദ്‌വി, എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എന്‍ എം അന്‍സാരി, കവയിത്രി ഷെമീനാ ബീഗം, എ എസ് അജിത് കുമാര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, ഭീം ആര്‍മി ജില്ലാ പ്രസിഡന്റ് രഞ്ജിനി സുഭാഷ്, മാധ്യമപ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുള്ള, ഡോക്ടര്‍ പി ജി ഹരി എന്നിവര്‍ സംസാരിച്ചു. ധര്‍ണയില്‍ സിദ്ദീഖ് കാപ്പന്റെ മക്കളായ മുസമ്മില്‍, സിദാന്‍, മെഹ്‌നാസ് എന്നിവരും കുടുംബാംഗങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

Tags:    

Similar News