ഇഐഎ 2020 കരട്: സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എം.പി
ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം റദ്ദാക്കണമെന്നും ആക്ഷേപങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് പുതിയ കരട് തയ്യാറാക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് എന്‍. കെ പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയ്ക്ക് വിജ്ഞാപനത്തലുളള ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. കൊവിഡ് - 19 എന്ന മഹാമാരിയില്‍ രാജ്യം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ അടങ്ങിയ കരട് വിശദമായ ചര്‍ച്ചയ്ക്കും പരിശോധനകള്‍ക്കും വിധേയമാകാതെ പരിഗണിക്കുന്നത് അനുചിതവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുവാന്നതുമാണെന്ന് എം.പി. പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കുവാന്‍ രാജ്യത്തെ കോടതികളുംം ഹരിത ട്രൈബ്യൂണലുകളും പുറപ്പെടുവിച്ചിട്ടുളള വിധിന്യായങ്ങള്‍ പരിഗണിക്കാതെയുളളതാണ് കരട് വിജ്ഞാപനം. പരിസ്ഥിതിയുടെ അടിസ്ഥാനഘടകങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കുന്ന ഇളവുകള്‍ അംഗീകരിക്കാവുന്നതല്ല. അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും പരിസ്ഥിതി സംബന്ധമായ വിവിധ വിദഗദ്ധ സമിതികള്‍ നടത്തിയിട്ടുളള പഠനങ്ങളും അതിലുളള ശുപാര്‍ശകളും പരിഗണിക്കാതെയുളള കരട് വിജ്ഞാപനം ഗുരുതരമായ ഭവിഷത്തുകള്‍ വിളിച്ചു വരുത്തും.
പാരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനങ്ങളോ സുതാര്യമായി സംഘടിപ്പിക്കുന്ന സമിതികളോ കരടില്‍ ഇല്ല. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന നടപടികളെ കോടതി മുമ്പാകെ ചോദ്യം ചെയ്യുവാനുളള പൗരാവകാശം പോലും നിയന്ത്രിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം പരിസ്ഥിതി ചൂഷണം സാധ്യമാക്കുന്ന വ്യവസ്ഥകള്‍ യുക്തിസഹമല്ല. പ്രകൃതി വിഭവങ്ങളെയും വനത്തേയും പരിസ്ഥിതിയേയും അശാസ്ത്രീയമായി ചൂഷണം ചെയ്തു കൊണ്ട് നടത്തുന്ന മൂലധന നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന കരട് പരിസ്ഥിതിക്കും രാജ്യത്തിനും ദോഷകരമാണ്. അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്ന കരട് റദ്ദാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു. ബന്ധപ്പെട്ട എല്ലാവര്‍ക്കും പഠനത്തിനും പരിശോധനകള്‍ക്കും അവസരം നല്‍കി കൊവിഡിന് ശേഷം സമഗ്രമായ കരട് രൂപീകരിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്നും രാജ്യത്തിന്റെ ഉത്തമ താല്പര്യം സംരക്ഷിക്കാന്‍ ഇത് അത്യാവശ്യമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.