പക്ഷിപ്പനി: മൂന്നു മാസത്തേക്ക് കര്‍ശന ജാഗ്രത വേണമെന്ന് കേന്ദ്രസംഘം

ആലപ്പുഴ ജില്ലയില്‍ ആകെ ഇതുവരെ 49958 പക്ഷികളെ കേന്ദ്ര മാനദണ്ഡപ്രകാരം കൊന്ന് നശിപ്പിച്ചതായും 32550 മുട്ടകള്‍ നശിപ്പിച്ചതായും 5070 കിലോഗ്രാം തീറ്റ നശിപ്പിച്ചതായും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പക്ഷികളെ കൊന്നു നശിപ്പിച്ച പ്രദേശം മൂന്നുമാസത്തേക്ക് 15 ദിവസം ഇടവിട്ട് അണു നശീകരണത്തിന് വിധേയമാക്കും

Update: 2021-01-09 10:16 GMT

ആലപ്പുഴ:പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്നുമാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സംഘത്തിന്റെ നിര്‍ദേശം. രോഗം സ്ഥിരീകരിച്ച നിശ്ചിത ഇടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ തുടരണമെന്നും സംഘം പറഞ്ഞു. പക്ഷിപ്പനി, കൊവിഡ് നിയന്ത്രണ നടപടികള്‍ പരിശോധിക്കാനും ശുപാര്‍ശകള്‍ നല്‍കാനുമായി എത്തിയ കേന്ദ്രസംഘം സന്ദര്‍ശനം തുടരുകയാണ്. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ് കെ സിംഗ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് സ്‌പെഷലിസ്റ്റ് ഡോ. രുചി ജയ്ന്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സയന്റിസ്റ്റ് ഡോ. ശൈലേഷ് പവാര്‍, ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രി ഫിസിഷ്യന്‍ അനിത് ജിന്‍ഡാല്‍ എന്നിവരാണ് സംഘത്തിലുള്ളത്

സന്ദര്‍ശനത്തിനു മുന്നോടിയായി ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം കലക്ട്രേറ്റിലെത്തി ആശയവിനിമയം നടത്തി. ജില്ലയില്‍ ആകെ ഇതുവരെ 49958 പക്ഷികളെ കേന്ദ്ര മാനദണ്ഡപ്രകാരം കൊന്ന് നശിപ്പിച്ചതായും 32550 മുട്ടകള്‍ നശിപ്പിച്ചതായും 5070 കിലോഗ്രാം തീറ്റ നശിപ്പിച്ചതായും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നെടുമുടി, പള്ളിപ്പാട്, തകഴി, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ കള്ളിങ് പ്രവര്‍ത്തനങ്ങള്‍ ചിത്രങ്ങള്‍ സഹിതം കേന്ദ്രസംഘത്തെ ധരിപ്പിച്ചു. എട്ടാം തീയതിയോടു കൂടി സാനിറ്റേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി കലക്ടര്‍ അറിയിച്ചു. മൂന്നുമാസത്തേക്ക് ഈ പ്രദേശങ്ങളില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും ഉദ്യോഗസ്ഥര്‍ സംഘത്തിന് മുമ്പാകെ പറഞ്ഞു.പക്ഷികളെ കൊന്നു നശിപ്പിച്ച പ്രദേശം മൂന്നുമാസത്തേക്ക് 15 ദിവസം ഇടവിട്ട് അണു നശീകരണത്തിന് വിധേയമാക്കും. ഇതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ സംഘം ഉദ്യോഗസ്ഥനില്‍ ശേഖരിച്ചു.

ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനവും സംഘം നടത്തി. ജില്ലയില്‍ നിലവില്‍ ഇതുവരെ 59974 പേര്‍ ജില്ലയില്‍ കൊവിഡ് പോസിറ്റീവായതായി സംഘത്തെ അറിയിച്ചു. ടെസ്റ്റുകളുടെ സ്ഥിതി, കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരെ പിന്തുടരുന്ന രീതി, വീടുകളിലെ നിരീക്ഷണം, കൊവിഡ് ആശുപത്രികളിലെ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചും സംഘം ചോദിച്ചറിഞ്ഞു. വിനോദസഞ്ചാരമേഖല തുറന്നുകൊടുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംഘം ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ഓട്ടോഡ്രൈവര്‍മാര്‍ എന്നിങ്ങനെ കൊവിഡ് ബാധയ്ക്ക് സാധ്യതയുള്ള പലതരം ഗ്രൂപ്പുകള്‍ കണ്ടെത്തി അവരില്‍ ബോധവല്‍ക്കരണവും ടെസ്റ്റുകളും നടത്തണമെന്ന് കേന്ദ്രസംഘം നിര്‍ദേശിച്ചു.

Tags:    

Similar News