ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കണം: സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

സര്‍ക്കാര്‍ അപ്പീല്‍ കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുന്നത് പ്രതിയെ സഹായിക്കാനാണെന്ന് സംശയിക്കുന്നു. നഷ്ടപ്പെട്ട അധികാരങ്ങള്‍ തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ പ്രതിക്ക് കൂട്ടുനില്‍ക്കരുത്.ഏറ്റവും പ്രഗത്ഭനായ വക്കീലിനെത്തന്നെ അപ്പീല്‍ സമര്‍പ്പണത്തിന് സര്‍ക്കാര്‍ നിയോഗിക്കണം.

Update: 2022-01-19 10:26 GMT

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കായി കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്(എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ അപ്പീല്‍ കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുന്നത് പ്രതിയെ സഹായിക്കാനാണെന്ന് സംശയിക്കുന്നു. നഷ്ടപ്പെട്ട അധികാരങ്ങള്‍ തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ പ്രതിക്ക് കൂട്ടുനില്‍ക്കരുത്.ഏറ്റവും പ്രഗത്ഭനായ വക്കീലിനെത്തന്നെ അപ്പീല്‍ സമര്‍പ്പണത്തിന് സര്‍ക്കാര്‍ നിയോഗിക്കണമെന്നും എസ്ഒഎസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സാക്ഷികള്‍ക്ക് അനുവദിച്ചിട്ടുള്ള വിറ്റ്‌നസ് പ്രൊട്ടെക്ഷന്‍ സ്‌കീം അപ്പീല്‍ വിധികള്‍ വരും വരെ നീട്ടണം.സാക്ഷികളായ കന്യാസ്ത്രീകളെ അനാഥരായി തെരുവിലിറക്കി വിടാന്‍ എസ് ഒ എസ് സമ്മതിക്കില്ലെന്നും ഇവര്‍ പറഞ്ഞു.ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിയില്‍ സാങ്കേതികവും നിയമപരവുമായ നിരവധി പിഴവുകള്‍ ഉണ്ടെന്നാണ് എസ് ഒ എസ് ലീഗല്‍ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍.

2013ലെ നിയമ ഭേദഗതിയോ സുപ്രിം കോടതിയും ഹൈക്കോടതികളും നല്‍കിയ നിരവധി വിധികളോ കോടതി കണ്ടതായിപ്പോലും തോന്നുന്നില്ല. പീഡനകേസില്‍ അതിജീവിതയുടെ മൊഴിയില്‍ അവിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രതിഭാഗത്തിന് കഴിയാത്ത സാഹചര്യത്തില്‍ ശിക്ഷ ഉറപ്പാക്കണം എന്ന നീതിയുടെയും നിയമത്തിന്റെയും നിലപാട് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു.ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വിധിക്കെതിരെ ഇരയാക്കപ്പെട്ട കന്യാസ്ത്രിയും കോടതിയില്‍ പ്രത്യേക അപ്പീല്‍ ഹരജി സമര്‍പ്പിക്കും. അതിനായി വേണ്ടിവരുന്ന എല്ലാപിന്തുണയും എസ് ഒ എസ് നല്‍കും.

നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു ലീഗല്‍കമ്മിറ്റിയെ എസ് ഒ എസ് നിയോഗിച്ചിട്ടുണ്ടെന്നും ഇരക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി.എസ്ഒഎസ് ഭാരവാഹികളായ ഫെലിക്‌സ് ജെ പുല്ലൂടന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, അഡ്വ. ജോസ് ജോസഫ്, അഡ്വ. സി ടീന ജോസ്, അഡ്വ. വര്‍ഗീസ് പറമ്പില്‍, ഷൈജു ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News