ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ്: മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിസ്തരിച്ചു
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിചാരണക്കോടതി വിസ്തരിച്ചു. ബലാല്‍സംഗ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയാണ് മാര്‍ ആലഞ്ചേരി. കുറവിലങ്ങാട് മഠത്തില്‍വച്ച് ബിഷപ്പ് ഫ്രാങ്കോ ബലാല്‍സംഗം ചെയ്‌തെന്ന വിവരം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അറിയിച്ചിരുന്നുവെന്നാണ് കന്യാസ്ത്രീ പോലിസിന് നല്‍കിയ മൊഴിയിലുള്ളത്. എന്നാല്‍, ഈ വിഷയത്തില്‍ ബിഷപ്പ് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പീഡനത്തിനിരയായ കന്യാസ്ത്രീ ഫ്രാങ്കോയ്‌ക്കെതിരേ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളില്‍ വ്യക്തത വരുത്തുന്നതിനായിരാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വെള്ളിയാഴ്ചത്തെ വിസ്താരം.
കന്യാസ്ത്രീയുടെ പരാതിയിന്‍മേലുള്ള പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ക്ക് മാര്‍ ആലഞ്ചേരി മറുപടി നല്‍കി. പോലിസിനു നല്‍കിയ മൊഴി കര്‍ദിനാള്‍ കോടതിയിലും ആവര്‍ത്തിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ ഹാജരായിരുന്നു. ഇരയുടെ സ്വകാര്യത മാനിച്ച് രഹസ്യവിചാരണയാണ് നടക്കുന്നത്. ഇത് റിപോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കു നിയന്ത്രണമുണ്ട്. ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പടെ നിരവധിപേര്‍ സാക്ഷിപ്പട്ടികയിലുണ്ട്. ഇവരെ വരുംദിവസങ്ങളില്‍ വിസ്തരിക്കും. കേസില്‍ ഈ മാസം തുര്‍ച്ചയായി വിസ്താരം നടക്കും. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനും കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു.
2018 ജൂണ്‍ 17നാണ് മഠത്തില്‍വച്ച് ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയുമായി കന്യാസ്ത്രീ ജില്ലാ പോലിസ് മേധാവിയെ സമീപിക്കുന്നത്. ഇരയായ കന്യാസ്ത്രീയെ പോലിസ് പലതവണ ചോദ്യം ചെയ്തു. കോടതി രഹസ്യമൊഴിയും രേഖപ്പെടുത്തി. അതിലെല്ലാം ഫ്രാങ്കോയ്‌ക്കെതിരായ പരാതിയില്‍ കന്യാസ്ത്രീ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍, ബിഷപ്പിനെതിരേ യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് നടപടിയാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ നടത്തിയ പരസ്യസമരത്തിനൊടുവിലാണ് ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ അധികാരികള്‍ നിര്‍ബന്ധിതരാവുന്നത്.
കേസില്‍ നിരപരാധിയാണെന്നും വിടുതല്‍ നല്‍കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രിംകോടതിയെയും ഫ്രാങ്കോ സമീപിച്ചു. എന്നാല്‍, ഇരുകോടതികളും ബിഷപ്പിന്റെ ഹരജി തള്ളുകയായിരുന്നു. 2019 ഏപ്രിലില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ബലാല്‍സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോക്കെതിരേ ചുമത്തിയത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പെടെ 84 സാക്ഷികളാണ് കേസിലുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജിതേഷ് ജെ ബാബു, അഡ്വ. സുബിന്‍ കെ വര്‍ഗീസ് എന്നിവരും പ്രതിക്കുവേണ്ടി അഭിഭാഷകരായ അഡ്വ. കെ രാമന്‍പിള്ളയും സി എസ് അജയനും കോടതിയില്‍ ഹാജരായി.