കന്യാസ്ത്രീയെ ബലാല്‍സംഗത്തിനിരയാക്കിയെന്ന കേസ്: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്തന്‍

Update: 2022-01-14 05:57 GMT

പിസി അബ്ദുല്ല

കോട്ടയം: കന്യാസ്ത്രീയെ നിരവധി തവണ ബലാല്‍സംഗത്തിനിരയാക്കിയെന്ന കേസില്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റ വിമുക്തനെന്ന് വിചാരണക്കോടതി. ബിഷപ്പ് ഫ്രാങ്കോക്കെതിരേ ചുമത്തിയ ഏഴുകുറ്റങ്ങളും നില നില്‍ക്കില്ലെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പ്രസ്താവിച്ചു.

13 തവണ ബലാല്‍സംഗത്തിനിരയാക്കി എന്നതടക്കമുള്ള പരാതികളാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ചത്. എന്നാല്‍, കുറ്റങ്ങളൊന്നും തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. ഡിസംബര്‍ 29നാണ് കേസുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും പൂര്‍ത്തിയായത്.

2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പോലിസിനും ജില്ല പോലിസ് മേധാവിക്കും ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയത്. മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ പരാതി.

2019 ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. എന്നാല്‍, ഫ്രാങ്കോ വിചാരണ നേരിടണമെന്ന വിധിയാണ് കോടതികള്‍ പുറപ്പെടുവിച്ചത്.

85 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 39 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. മൂന്നു ബിഷപ്പുമാര്‍, 11 പുരോഹിതര്‍, 25 കന്യാസ്ത്രീകളും ഉള്‍പ്പെടും. പ്രതിഭാഗം ആവശ്യപ്പെട്ട പ്രകാരം ഉള്‍പ്പെടുത്തിയ ഒമ്പതു പേരുടെയും വിസ്താരം പൂര്‍ത്തിയായി.

ജില്ല പോലിസ് മേധാവി ഹരിശങ്കറുടെ നേതൃത്വത്തില്‍ വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ 23 ദിവസം പാലാ ജയിലില്‍ കിടന്നു.

അന്യായമായി തടഞ്ഞുവെക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരിക്കുന്നത്.

കത്തോലിക്കാ സഭയുടെ കീഴിലുള്ള ജലന്ധര്‍ റോമന്‍ കാത്തലിക് രൂപതയുടെ ബിഷപ്പായി 2013 ലാണ് ഫ്രാങ്കോ നിയമിതനായത്. ഇന്ത്യന്‍ കത്തോലിക്കാ ചരിത്രത്തില്‍ ബലാത്സംഗക്കേസില്‍ പ്രതിയായി അറസ്റ്റിലായ ആദ്യത്തെ ബിഷപ്പാണ് അദ്ദേഹം. 56 കാരനായ ഫ്രാങ്കോ തൃശൂര്‍ മറ്റം സ്വദേശിയാണ്.

Tags:    

Similar News