പതിനെട്ടടവും പയറ്റിയിട്ടും മഞ്ചേശ്വരത്ത് നിലംതൊടാനാവാതെ ബിജെപി; ഇനിയെന്ത് എന്ന ചോദ്യവുമായി അണികള്‍

പുറത്തുനിന്നുള്‍പ്പെടെ വന്‍തോതില്‍ പ്രവര്‍ത്തകരെ ഇറക്കിയും വര്‍ഗീയ കാര്‍ഡുകള്‍ പയറ്റിയും നടത്തിയ കാടിളക്കിയ പ്രചാരണത്തില്‍ ഇക്കുറി മണ്ഡലം കൂടെനില്‍ക്കുമെന്ന പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്ന നിരാശ പാര്‍ട്ടിയില്‍ പ്രകടം.

Update: 2019-10-25 02:58 GMT

മഞ്ചേശ്വരം: ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചിട്ടും കനത്ത തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തിലാണ് മഞ്ചേശ്വരത്തെ ബിജെപി നേതൃത്വവും പ്രവര്‍ത്തകരും. പുറത്തുനിന്നുള്‍പ്പെടെ വന്‍തോതില്‍ പ്രവര്‍ത്തകരെ ഇറക്കിയും വര്‍ഗീയ കാര്‍ഡുകള്‍ പയറ്റിയും നടത്തിയ കാടിളക്കിയ പ്രചാരണത്തില്‍ ഇക്കുറി മണ്ഡലം കൂടെനില്‍ക്കുമെന്ന പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്ന നിരാശ പാര്‍ട്ടിയില്‍ പ്രകടം.

വോട്ടര്‍ ലിസ്റ്റിലെ മുപ്പത് പേരുള്‍പ്പെടുന്ന പേജൊന്നിന് ഒരു ചുമതലക്കാരന്‍ എന്ന നിലയിലായിരുന്നു മഞ്ചേശ്വരത്തെ പ്രവര്‍ത്തനം. വോട്ടര്‍മാരെ പ്രത്യേകം വിളിക്കാന്‍ കോള്‍സെന്ററുകള്‍. ഓരോ വോട്ടറേയും ചുരുങ്ങിയത് എട്ട് തവണയെങ്കിലും നേരിട്ട് കാണാനായി കര്‍ണാടകയില്‍ നിന്നടക്കമെത്തിയ പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.

പരിചിത രീതികളില്‍ നിന്നു മാറിനടന്നിട്ടും ജനങ്ങള്‍ കൈവിട്ടതോടെ ബിജെപിക്ക് മുന്നില്‍ ഇനി എന്ത് എന്ന ചോദ്യം ആണ് ബാക്കിയാകുന്നത്. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തുടര്‍ച്ചയായ 3 തിരഞ്ഞെടുപ്പുകളിലെ തോല്‍വി രവീശ തന്ത്രിക്ക് വിലങ്ങുതടിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി തിരിച്ചടിച്ചോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. തിരിച്ചടി മുന്നില്‍ കണ്ട് മഞ്ചേശ്വരത്തു നിന്ന് കോന്നിയിലേക്കു മുങ്ങിയ കെ സുരേന്ദ്രനും ക്ലച്ച് പിടിക്കാനായില്ല

വിശ്വാസിയെന്ന പേരില്‍ അവതരിപ്പിച്ച്, സ്ഥാനാര്‍ത്ഥിയില്‍ കേന്ദ്രീകരിച്ച് പ്രാദേശിക വാദത്തെയും കൂട്ടുപിടിച്ച ഇടതുമുന്നണിയുടെ പരീക്ഷണവും അമ്പേ പാളി. ക്ഷേത്രത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സിപിഎം സ്ഥാനാര്‍ഥിയെന്ന ലേബലും ഇടു സ്ഥാനാര്‍ഥി ശങ്കര്‍ റൈയെ തുണച്ചില്ല. മൃദുഹിന്ദുത്വം പയറ്റിയിട്ടും ശബരിമലയില്‍ മാറിയ നിലപാട് തുറന്നു പറഞ്ഞിട്ടും തിരികെ വന്നത് 5500 വോട്ടുകള്‍ മാത്രം ആണ്. പതിവ് പോലെ സിപിഎമ്മിന് ഇക്കുറിയും മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

തമ്മിലടിച്ച് കൈവിട്ട വട്ടിയൂര്‍ക്കാവും കോന്നിയും മുന്‍പിലിരിക്കെ, കോണ്‍ഗ്രസും ലീഗുമൊന്നിച്ച് കാഴ്ച്ച വച്ച കെട്ടുറപ്പിലൂടെ യുഡിഎഫിന് പാഠമാവുകയാണ് മഞ്ചേശ്വരം. കൂടെ 89 വോട്ടെന്ന കുറഞ്ഞ ഭൂരിപക്ഷത്തിന്റെ ദുഷ്‌പേരിനെ മായ്ച്ച വിജയവും സ്വന്തമാക്കാന്‍ മഞ്ചേശ്വരത്തെ പോരാട്ടത്തിലൂടെ യുഡിഎഫിന് കഴിഞ്ഞു.

വാശിയേറിയ ത്രികോണ പോരിനൊടുവില്‍ മഞ്ചേശ്വരത്ത് ആധികാരിക വിജയം ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന് നേടാനായത്. ബിജെപിക്കെതിരെ മുസ്‌ലിം വോട്ടുകള്‍ ഏകീകരിച്ചതും എല്‍ഡിഎഫിന്റെ പ്രകടനം ദുര്‍ബലമായതുമാണ് എം സി കമറുദ്ദീന് നേട്ടമായത്. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണ കമറുദ്ദീന് തുണയായി. 7923 വോട്ടുകള്‍ക്കാണ് കമറുദ്ദീന്‍ ബിജെപിയിലെ രവിശ തന്ത്രി കുണ്ടാറിനെ തോല്‍പിച്ചത്. 

Tags:    

Similar News