മഞ്ചേശ്വരത്തെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത ഉടന്‍ പരിഹരിക്കണം: എസ് ഡിപിഐ

Update: 2023-06-15 14:09 GMT

മഞ്ചേശ്വരം: മണ്ഡലത്തിലെ 2154 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് സീറ്റ് ഇല്ലാതെ വിദ്യാഭ്യാസം നിര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അപര്യാപ്തത ഉടന്‍ പരിഹരിക്കണമെന്നും എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി വര്‍ഷം തോറും വര്‍ധിച്ചു വരുന്നതിന് പിന്നില്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എംഎല്‍എ, എംപിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ അനാസ്ഥയുമാണ് കാരണമെന്ന് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ ആരോപിച്ചു.

    സര്‍ക്കാറുകള്‍ മഞ്ചേശ്വരത്തെ അവഗണിക്കുന്നത് നിര്‍ത്തണം. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഹൈസ്‌ക്കൂളുകളെ ഹയര്‍ സെക്കന്‍ഡറികളാക്കി ഉയര്‍ത്തണം. ആനുപാതിക സീറ്റ് വര്‍ധനവും താല്‍ക്കാലിക ബാച്ചുകളും അല്ലാതെ മതിയായ സ്ഥിരം ബാച്ചുകള്‍ അനുവദിച്ച് സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് മതിയായ സംവിധാനം ഒരുക്കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ സമരവുമായി പാര്‍ട്ടി മുന്നോട്ടുവരുമെന്ന് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മണ്ഡലം സെക്രട്ടറി ഷെരീഫ് പാവൂര്‍, മണ്ഡലം ഖജാഞ്ചി താജൂ ഉപ്പള, വൈസ് പ്രസിഡന്റ് റഷീദ് ഗാന്ധിനഗര്‍, ജോയിന്റ് സെക്രട്ടറിമാരായ റസാഖ് കളിയൂര്‍, ജലീല്‍ ഉപ്പള, മണ്ഡലം കമ്മിറ്റി അംഗം ആരിഫ് ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News