മലബാര്‍ വിദ്യാഭ്യാസ പാക്കേജ് തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളിലൊതുങ്ങരുത് :ക്യാംപസ് ഫ്രണ്ട്
പാലക്കാട്: മലബാര്‍ വിദ്യാഭ്യാസ പാക്കേജ് തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളിലൊതുങ്ങരുതെന്ന് ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷിബിലിയ ഹമീദ് ആവശ്യപ്പെട്ടു. പ്ലസ്‌വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റില്‍ ജില്ലയില്‍ സീറ്റുറപ്പായത് 24232 പേര്‍ക്ക് മാത്രമാണ്. ഇനി ജില്ലയില്‍ 41 മെറിറ്റ് സീറ്റുകള്‍ മാത്രമേ അലോട്ട് ചെയ്യാന്‍ ബാക്കിയുള്ളു. ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച 43,010 വിദ്യാര്‍ഥികളില്‍ പകുതിയോളം പേര്‍ സീറ്റ് കിട്ടാതെ പുറത്താണ് എന്നും ഷിബിലിയ പറഞ്ഞു.
ജില്ലയില്‍ ആകെയുള്ളത് 24,345 മെറിറ്റ് സീറ്റുകളാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ സീറ്റും എയ്ഡഡിലെ കമ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകള്‍ ഒഴികെയുള്ളതുമാണ് മെറിറ്റ് സീറ്റുകളായി കണക്കാക്കുന്നത്. ആനുപാതിക വര്‍ധനയിലൂടെ വരുത്തിയ സീറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ 133 സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലായി 483 ബാച്ചുകളിലായി ആകെ 28,267 പ്ലസ്‌വണ്‍ സീറ്റുകളാണുള്ളത്. 20 ശതമാനം ആനുപാതിക വര്‍ധനയിലൂടെ 4830 സീറ്റുകളാണ് സര്‍ക്കാര്‍ കൂട്ടിയത്. സീറ്റില്ലാത്തതിനാല്‍ ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലായിട്ടുണ്ടെന്നും മലബാര്‍ വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഷിബിലിയ ആവശ്യപ്പെട്ടു.