കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം
പാമ്പുരുത്തിയിലെ 166ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരുന്നു.
കണ്ണൂര്‍: തളിപ്പറമ്പ് പാമ്പുരുത്തി സ്‌കൂളില്‍ അഞ്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഒന്നിലധികം തവണ വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. പാമ്പുരുത്തിയിലെ 166ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരുന്നു. പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ വോട്ടുകളാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തത്.
28 പേരുടെ ലിസ്റ്റും സിപിഎം പുറത്തുവിട്ടിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നിലധികം തവണ ചിലര്‍ ബൂത്തിലെത്തിയതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. കെ അനസ്, മുബഷിര്‍, സാദിഖ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കെ അനസ് എന്ന വ്യക്തി മൂന്നുതവണ ബൂത്തിലെത്തി. പാമ്പുരുത്തി സ്‌കൂളിലെ 1139ാം നമ്പര്‍ വോട്ടറാണ് അനസ്. ഇയാള്‍ മൂന്നുവട്ടം വോട്ടുചെയ്യുന്നുണ്ട്. അതില്‍ രണ്ടുതവണ വേഷം മാറിയാണെത്തിയത്. വി ടി മുസ്തഫ, മര്‍ഷാദ്, സാദിഖ്, എം മുബഷിര്‍ എന്നീ വോട്ടര്‍മാരാണ് കള്ളവോട്ട് ചെയ്തതെന്ന് സിപിഎം ആരോപിക്കുന്നു.
പാമ്പുരുത്തിയിലെ ബൂത്ത് കൈയേറാന്‍ ശ്രമം നടന്നുവെന്നും എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും സിപിഎം വരണാധികാരിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. കണ്ണൂര്‍ കല്യാശ്ശേരിയിലെ മാടായി മേഖലയില്‍ 69, 70 ബൂത്തുകളില്‍ ലീഗ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി സിപിഎം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍കത്തകന്‍ 70ാം നംബര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം നമ്പര്‍ ബൂത്തിലും പലതവണ വോട്ടുചെയ്തുവെന്നായിരുന്നു ആരോപണം. അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.