വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം: ഗുരുവായൂരില്‍ ചട്ടലംഘനമുണ്ടായെന്ന് ഹൈക്കോടതി
മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ച് നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്നും വലിയ ആള്‍ക്കൂട്ടം വിവാഹത്തില്‍ പങ്കെടുത്തുവെന്ന് ചടങ്ങിന്റെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടായത്. മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ച് നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്നും വലിയ ആള്‍ക്കൂട്ടം വിവാഹത്തില്‍ പങ്കെടുത്തുവെന്ന് ചടങ്ങിന്റെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വിവാഹം നടത്തുന്നതിന് വേണ്ടി ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയത്തിന് സമാനമായ രീതിയില്‍ അലങ്കരിച്ചു. എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു.കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. കേസില്‍ തൃശൂര്‍ എസ്പി, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേര്‍ത്തു. ഒക്ടോബര്‍ 5ന് വീണ്ടും കേസ് പരിഗണിക്കും.