പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: ഹൈക്കോടതി എടുത്ത കേസില്‍ സഹോദരനെ കക്ഷിചേര്‍ത്തു
സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത് നല്‍കിയ അപേക്ഷയാണ് കോടതി അംഗീകരിച്ചത്. തന്റെ സഹോദരന്റെ ആത്മഹത്യയ്ക്ക് കാരണം ചില ഉദ്യോഗസ്ഥരും നഗരസഭ ചെയര്‍പേഴ്‌സണുമാണെന്നും അറിയാവുന്ന കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹരജി. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീജിത്തിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു
കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ സഹോദരനെകൂടി കക്ഷി ചേര്‍ത്തു. സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത് നല്‍കിയ അപേക്ഷയാണ് കോടതി അംഗീകരിച്ചത്. തന്റെ സഹോദരന്റെ ആത്മഹത്യയ്ക്ക് കാരണം ചില ഉദ്യോഗസ്ഥരും നഗരസഭ ചെയര്‍പേഴ്‌സണുമാണെന്നും അറിയാവുന്ന കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹരജി. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീജിത്തിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
കേസില്‍ കക്ഷി ചേര്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വ്യക്തികൂടി കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഹരജി അംഗീകരിച്ചില്ല. സാജന്റെ ആത്മഹത്യയെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ച് നീട്ടാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ഇതുപോലൊരു സംഭവം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായാണ് സ്വമേധയാ കേസ് എടുത്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിനായി കോടതിയെ ഉപയോഗപ്പെടുത്തരുത്തന്നും കേസില്‍ ഇരകളുടെയോ പ്രതികളുടെ ഭാഗത്തു നിന്നോ അല്ലാത്തവരെ കേസില്‍ കക്ഷിയാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലം സ്വദേശികളായ തൊടിയില്‍ രാജേന്ദ്രന്‍, സി എ പയസ് എന്നിവരാണ് കേസില്‍ കക്ഷി ചേരാന്‍ ആവശ്യമുന്നയിച്ചത്.