ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എസ് പി ഓഫിസിനു മുന്നില്‍ സഹപാഠികളുടെ പ്രതിഷേധം; വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു

സമാധാനപരമായി സമരം ചെയ്ത തങ്ങളെ പോലിസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളെ എടത്തല പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് വിവരം

Update: 2021-11-25 12:06 GMT

കൊച്ചി: ആലുവയില്‍ ഭര്‍തൃ പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയ ആലുവ സി ഐ സുധീറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം റൂറല്‍ എസ് പി ഓഫിസിനു മുന്നില്‍ മോഫിയയുടെ സഹപാഠികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.തുടര്‍ന്ന് ഇവരെ പോലിസ്  ബലമായി കസ്റ്റഡിയില്‍ എടുത്ത് നീക്കി.

ഇന്ന് രണ്ടു മണിയോടെയാണ് മോഫിയ പര്‍വീണ്‍ പഠിച്ചിരുന്ന അല്‍ അസര്‍ കോളജിലെ സഹപാഠികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ആലുവ എസ്പി ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചത്.പോലിസ് ഇവരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. പോലിസ് സ്‌റ്റേഷനില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സമരം നടത്തിയ വിദ്യാര്‍ഥികളെ പോലിസ് വൈകുന്നേരത്തോടെ സ്ഥലത്ത് നിന്നും കസ്റ്റഡിയില്‍ എടുത്ത് നീക്കി. എസ്പി ക്ക് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പോലിസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.സമാധാനപരമായി സമരം ചെയ്ത തങ്ങളെ പോലിസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികലെ എടത്തല പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

Tags:    

Similar News