സിഒടി നസീര്‍ വധശ്രമക്കേസ്: ഷംസീര്‍ എംഎല്‍എയുടെ കാര്‍ പോലിസ് കസ്റ്റഡിയില്‍

ഷംസീറിന്റെ സഹോദരന്‍ എ എന്‍ ഷാഹിറിന്റെ പേരില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കെഎല്‍ 07 സിഡി 6887 നമ്പരിലുള്ള കാറാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. എംഎല്‍എ ബോര്‍ഡ് വച്ച് ഷംസീര്‍ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനമാണിത്.

Update: 2019-08-03 09:16 GMT

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ ഗൂഢാലോചനയ്ക്കുപയോഗിച്ച തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഷംസീറിന്റെ സഹോദരന്‍ എ എന്‍ ഷാഹിറിന്റെ പേരില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കെഎല്‍ 07 സിഡി 6887 നമ്പരിലുള്ള കാറാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. എംഎല്‍എ ബോര്‍ഡ് വച്ച് ഷംസീര്‍ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനമാണിത്. എംഎല്‍എ ബോര്‍ഡ് മാറ്റിയശേഷമാണ് കാര്‍ സ്‌റ്റേഷനിലെത്തിച്ചത്.

നസീര്‍ വധശ്രമക്കേസില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിന് ശേഷവും കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഷംസീര്‍ ഈ കാറിലെത്തിയിട്ടുണ്ട്. ഇത് വാര്‍ത്തയായതോടെ ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം മറ്റൊരു വാഹനത്തിലാണ് എംഎല്‍എ മടങ്ങിയത്. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഷംസീര്‍ എംഎല്‍എയാണെന്ന് നസീര്‍ മൂന്നുതവണ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണസംഘം എംഎല്‍എയുടെ മൊഴി ഒരിക്കല്‍പോലും രേഖപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. തന്നെ ആക്രമിച്ചതിന് പിടിയിലായ പ്രതികള്‍ക്കാര്‍ക്കും തന്നോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണമുണ്ടായതെന്നുമായിരുന്നു നസീറിന്റെ മൊഴി.

കേസില്‍ എംഎല്‍എയുടെ ഡ്രൈവറായ രാജേഷിനെ ഗൂഢാലോചനക്കുറ്റം ചുമത്തി പോലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇയാളാണ് പൊട്ടിയന്‍ സന്തോഷ് എന്ന ഗുണ്ടാനേതാവിന് നസീറിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു പോലിസിന്റെ കണ്ടെത്തല്‍. കാര്‍ കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ കേസില്‍ ഷംസീറിന്റെ മൊഴിയെടുക്കും. മൊഴി രേഖപ്പെടുത്താന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് ഷംസീറിന് ഉടന്‍ നോട്ടീസ് നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മെയ് 18നാണ് തലശ്ശേരി കായ്യത്ത് റോഡിലെ ഗേള്‍സ് സ്‌കൂള്‍ പരിസരത്തുവച്ച് സിഒടി നസീര്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. 

Tags:    

Similar News