പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി
പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഈ ഓണക്കാലയളവില്‍ 'ഗൃഹപ്രവേശം' നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക.
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. തുടര്‍നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പ്രളയം: സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഗൃഹപ്രവേശം
പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഈ ഓണക്കാലയളവില്‍ 'ഗൃഹപ്രവേശം' നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക.
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി
60 വയസ്സിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി നല്‍കും.
ഭെല്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് അനുമതി
ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ഭെല്ലിന്റെ കൈവശമുള്ള ഓഹരികള്‍ സംസ്ഥാനം ഏറ്റെടുക്കുന്നതിനായി കേരള സര്‍ക്കാരും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും തമ്മില്‍ വില്‍പ്പന കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് വില്‍പ്പനകരാര്‍ മന്ത്രിസഭ അംഗീകരിച്ചു.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഭെല്‍-ഇ.എം.എല്‍. 2010 സപ്തംബറിലാണ് സംയുക്ത കമ്പനി രൂപീകൃതമായത്. നിലവില്‍ ഭെല്ലിന് കമ്പനിയില്‍ 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയുമാണുള്ളത്. സംയുക്ത സംരംഭത്തില്‍ നിന്ന് ഭെല്‍ ഒഴിവാകാനും ഓഹരികള്‍ വില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികള്‍ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗവണ്‍മെന്റ് ലോ ഓഫീസര്‍മാരുടെ മാസവേതനം വര്‍ധിപ്പിച്ചു
ജില്ലാ കോടതികളിലേയും കീഴ്‌കോടതികളിലേയും ഗവണ്‍മെന്റ് ലോ ഓഫീസര്‍മാരുടെ കണ്‍സോളിഡേറ്റഡ് മാസവേതനം വര്‍ധിപ്പക്കാന്‍ തീരുമാനിച്ചു. ജില്ലാ ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ 87,500/, അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 75,000/, അഡ്വക്കേറ്റ് ഫോര്‍ ഡൂയിംഗ് ഗവണ്‍മെന്റ് വര്‍ക്ക് 20,000/ എന്നിങ്ങനെയാണ് വര്‍ധന.
നിയമനങ്ങള്‍ /മാറ്റങ്ങള്‍
സോഷ്യല്‍ പോലിസിങ് ആന്റ് ട്രാഫിക്കിന്റെ എ.ഡി.ജി.പി ആര്‍ ശ്രീലേഖയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിച്ചു.
മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡിന്റെ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ചു വരുന്ന പ്രഫ.കേശവന്‍ വെളുത്താട്ടിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റല്‍ കേരളയുടെ ഡയറക്ടറായി നിയമിക്കും.
ഹൈക്കോടതി അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ്ബാബു തോമസിന്റെ നിയമന കാലാവധി 09-09-2019 മുതല്‍ മൂന്നുവര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു.
ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡറായി എന്‍ ദീപയെ നിയമിച്ചു.
തസ്തികകള്‍
താമരശ്ശേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിനെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി പരിവര്‍ത്തനം ചെയ്യും. ഇതിന്റെ ഭാഗമായി 11 തസ്തികകള്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചു.
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഓരോ റേഞ്ചിലും ഒന്നു വീതം 4 ലീഗല്‍ അഡൈ്വസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. നിലവിലെ 8 അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ തസ്തികകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയാക്കി പുനര്‍നാമകരണം ചെയ്യാനും തീരുമാനിച്ചു.
തിരുവനന്തപുരം സര്‍ക്കാര്‍ ഡന്റല്‍ കോളേജിന്റെ ഭാഗമായുള്ള ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനത്തിന് ഡന്റല്‍ മെക്കാനിക്ക് ഗ്രേഡ് ഒന്നില്‍ ഒരു തസ്തികയും ഡെന്റല്‍ മെക്കാനിക്ക് ഗ്രേഡ് 2 ല്‍ 5 തസ്തികകളും കാഷ്വല്‍ സ്വീപ്പര്‍, സെക്യൂരിറ്റി വിഭാഗങ്ങളില്‍ രണ്ട് വീതം തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലയില്‍ കിന്‍ഫ്രയുടെ സ്ഥലമെടുപ്പ് ജോലികള്‍ നടത്താന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്റ് അക്വിസിഷന്റെ ഒരു യൂണിറ്റ് തുടങ്ങും. ഇതിന് 11 തസ്തികകള്‍ സൃഷ്ടിക്കും. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ -1, ജൂനിയര്‍ സൂപ്രണ്ട് / വാല്യൂവേഷന്‍ അസിസ്റ്റന്റ് -2, റവന്യൂ ഇന്‍സ്‌പെക്ടര്‍ - 2, സീനിയര്‍ ക്ലാര്‍ക്ക്/എസ്.വി.ഒ- 2, ക്ലാര്‍ക്ക്/ വില്ലേജ് അസിസ്റ്റന്റ്- 2, സര്‍വെയര്‍- 2 എന്നിങ്ങനെയാണ് 11 തസ്തികകള്‍.
അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിനെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചു.
കോട്ടക്കല്‍ വൈദ്യരത്‌നം പി എസ് വാരിയര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്റ്് സര്‍ജറി സീറ്റുകളുടെ എണ്ണം 50ല്‍ നിന്നും 60 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
ദേശീയപാത അതോറിറ്റിക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള 39 ലാന്റ് അക്വിസിഷന്‍ യൂണിറ്റുകള്‍ക്ക് 31-03-2020 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.