റെയില്‍വെ ഗേറ്റുകളില്‍ കാമറ സ്ഥാപിക്കും; ആദ്യഘട്ടത്തിൽ പയ്യന്നൂരും മാഹിയും

റെയില്‍വേ ഗേറ്റുകളിലെ നിയമലംഘനം തടയാനും അപകടം ഉണ്ടാക്കിയശേഷം കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാനും സിസിടിവി കാമറ സ്ഥാപിക്കുന്ന കാര്യം റെയില്‍വേ ബോര്‍ഡിന്റെ സജീവ പരിഗണനയില്‍. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച കാമറകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് റെയില്‍വേയുടെ തീരുമാനം.

Update: 2019-06-09 13:31 GMT

തിരുവനന്തപുരം: റെയില്‍വേ ഗേറ്റുകളിലെ നിയമലംഘനം തടയാനും അപകടം ഉണ്ടാക്കിയശേഷം കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാനും സിസിടിവി കാമറ സ്ഥാപിക്കുന്ന കാര്യം റെയില്‍വേ ബോര്‍ഡിന്റെ സജീവ പരിഗണനയില്‍. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച കാമറകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് റെയില്‍വേയുടെ തീരുമാനം. പാലക്കാട് ഡിവിഷനില്‍ കണ്ണപുരം ഗേറ്റിലാണ് കാമറയുള്ളത്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന മംഗളുരു, മാഹി, പയ്യന്നൂര്‍ പ്രദേശങ്ങളിലെ ആറ് ഗേറ്റുകളിലാവും ആദ്യഘട്ടത്തില്‍ കാമറ സ്ഥാപിക്കുകയെന്ന് പാലക്കാട് ഡിവിഷന്‍ പിആര്‍ഒ എം കെ ഗോപിനാഥന്‍ പറഞ്ഞു.

ട്രെയിന്‍ ഗതാഗതത്തെ ബാധിക്കുന്ന തരത്തില്‍ ഒരുവര്‍ഷം 50 മുതല്‍ 80 വരെ അപകടങ്ങളാണ് റെയില്‍വേ ഗേറ്റില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്നത്. പാലക്കാട് ഡിവിഷനിലെ മാത്രം കണക്കാണിത്. റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ അപകടങ്ങളെല്ലാം. ഡിവിഷനു കീഴില്‍ 144 ഗേറ്റുകളാണ് ഉള്ളത്. ഇതില്‍ 137 എണ്ണവും സ്വയം പ്രവര്‍ത്തിക്കുന്നവയാണ്. ഓട്ടോമാറ്റിക് ഗേറ്റ് സിഗ്‌നലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഗേറ്റ് അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ട്രെയിനുകള്‍ക്ക് സിഗ്‌നല്‍ ലഭിക്കുകയില്ല. അതിനാല്‍ റെയില്‍വേ ഗേറ്റുകളിലെ അപകടം ട്രെയിനുകളുടെ സമയക്രമത്തെ സാരമായി ബാധിക്കും. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ പലപ്പോഴും കടന്നുകളയുകയാണ് പതിവ്. റെയില്‍വേ ആക്ട് അനുസരിച്ച് ഗേറ്റുകളില്‍ അപകടമുണ്ടാക്കുന്നത് രണ്ടുവര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്. നാശനഷ്ടവും ഈടാക്കും. ഗേറ്റ് കീപ്പര്‍മാരെ ആക്രമിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവ് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഡിവിഷനില്‍ 45 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

ഗേറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈറ്റ് ഗേജില്‍ ചരക്കു വാഹനങ്ങള്‍ ഇടിച്ചും അപകടമുണ്ടാകാറുണ്ട്. ഉയരപരിധി പാലിക്കാത്ത വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടമുണ്ടാക്കുന്നത്. റെയില്‍വേ ഇലക്ട്രിക് ലൈനിലൂടെ 25 കിലോ വാട്ട് വൈദ്യുതിയാണ് പ്രവഹിക്കുന്നത്. ഇതിന്റെ നാലു മീറ്റര്‍ അടുത്തുകൂടി പോയാലും ഷോക്കേല്‍ക്കും. ഇതൊഴിവാക്കാനാണ് ഹൈറ്റ് ഗേജ് സ്ഥാപിച്ചത്. കാമറ സ്ഥാപിക്കുന്നതുവഴി കുറ്റക്കാരെ വേഗത്തില്‍ പിടികൂടാനും നിയമലംഘനം ഗണ്യമായ തോതില്‍ കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Tags:    

Similar News