സിഎഛിന്റെ തൊപ്പിയില്‍ വിവാദത്തിന്റെ പുതിയ തൂവല്‍
സിഎഛിന്റെ പേരില്‍ പ്രചരിക്കുന്ന ഇത്തരം തൊപ്പി മാഹാത്മ്യക്കഥകളില്‍ ചിലതൊക്കെ പൊള്ളയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സിഎഛിന്റെ തൊപ്പിയെ പുകഴ്ത്താന്‍ അടുത്തിടെ വയനാട്ടിലെ സമുന്നത ലീഗ് നേതാവിനെയും കുടുംബത്തെയും അപമാനിച്ചതായ പരാതി പാണക്കാട്ടെത്തിയിരിക്കുകയാണ്.
പി സി അബ്ദുല്ല
കോഴിക്കോട്: സിഎഛ് മുഹമ്മദ് കോയയുടെ തൊപ്പി മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ എന്നും അഭിമാനത്തിന്റെ പ്രതീകമാണ്. സി കെ ഗോവിന്ദന്‍ നായരെന്ന മലബാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സീതി സാഹിബിനു പകരം സ്പീക്കറാവുമ്പോള്‍ സിഎഛിനെകൊണ്ട് ലീഗില്‍ നിന്ന് രാജി വയ്പിച്ചിരുന്നു. സിഎഛ് തൊപ്പിയൂരി എന്നാണ് ചരിത്രത്തില്‍ ലീഗിന്റെ ആ മാനക്കേട് പ്രതീകാത്മകമായി രേഖപ്പെടുത്തപ്പെട്ടത്.
അതേസമയം, ഒട്ടേറെ ഘട്ടങ്ങളില്‍ സിഎഛ് സമുദായത്തിനു വേണ്ടി തൊപ്പിയൂരിയതായി മുസ്ലിം ലീഗുകാര്‍ ഇന്നും ആവേശം കൊള്ളുന്നുണ്ട്. സി ടി അഹ്മദലിയുടെ കന്നി മല്‍സരത്തില്‍ കെട്ടിവയ്ക്കാനുള്ള കാശിന് സിഎഛ് തൊപ്പിയൂരി പണം പിരിച്ചതടക്കമുള്ള സംഭവങ്ങള്‍. ബഗളൂരുവിലെ ഒരു പൊതുയോഗത്തില്‍ ഭാഷാ സമരത്തിനായി സിഎഛ് തൊപ്പിയൂരി സ്‌റ്റേജില്‍ നിന്ന് പണം സമാഹരിച്ച സംഭവം മകന്‍ എം കെ മൂനീര്‍ തന്നെ എഴുതിയിട്ടുണ്ട്.
എന്നാല്‍, സിഎഛിന്റെ പേരില്‍ പ്രചരിക്കുന്ന ഇത്തരം തൊപ്പി മാഹാത്മ്യക്കഥകളില്‍ ചിലതൊക്കെ പൊള്ളയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സിഎഛിന്റെ തൊപ്പിയെ പുകഴ്ത്താന്‍ അടുത്തിടെ വയനാട്ടിലെ സമുന്നത ലീഗ് നേതാവിനെയും കുടുംബത്തെയും അപമാനിച്ചതായ പരാതി പാണക്കാട്ടെത്തിയിരിക്കുകയാണ്.
സുപ്രഭാതം പത്രത്തില്‍ കഴിഞ്ഞ ദിവസം ലീഗ് നേതാവ് എഴുതിയ ലേഖനമാണ് വിവാദമായത്. വയനാട്ടിലെ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും സമാദരണീയനുമായിരുന്ന സിഎഛ് മൊയ്തു സാഹിബിന്റെ മകനടക്കമുള്ളവര്‍ ലേഖനത്തിനെതിരേ പരാതിയുമായി രംഗത്തെത്തി.
33 വര്‍ഷം മുന്‍പ് സിഎഛ് മൊയ്തു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരണപ്പെട്ടപ്പോള്‍ മൃതദേഹം നാട്ടിലേക്കയക്കാനുള്ള വണ്ടിക്കൂലിക്ക് സിഎഛ് മുഹമ്മദ് കോയ പണപ്പിരിവു നടത്തിയെന്നതടക്കമുള്ള ലേഖനത്തിലെ പരാമര്‍ശങ്ങളാണ് വയനാട്ടിലെ ലീഗുകാരെയും ബന്ധുക്കളേയും വേദനിപ്പിച്ചത്. വയനാട്ടില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കാന്‍ സമ്പത്തും ജീവിതവും സമര്‍പ്പിച്ച പിതാവിനെ ഹീനമായി അപമാനിച്ചവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് സിഎഛ് മൊയ്തുവിന്റെ മകന്‍ ഇബ്രാഹീം തേജസ് ന്യൂസിനോട് പറഞ്ഞു.
സിഎഛ് മൊയ്തു മരണപ്പെട്ടെന്നും മൃതദേഹം വയനാട്ടിലേക്ക് കൊണ്ടു പോവാന്‍ പണമില്ലെന്നും അറിഞ്ഞ് മെഡിക്കല്‍ കോളജിലെത്തിയ മുഹമ്മദ് കോയ, സമീപത്തെ ഹോട്ടലില്‍ ചെന്ന് തൊപ്പിയൂരി പണപ്പിരിവ് നടത്തിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവര്‍ക്കുനേരെ തൊപ്പി നീട്ടി സംഭാവനയിടാന്‍ സിഎഛ് ആവശ്യപ്പെട്ടെന്നും എന്നാല്‍, പൊതു ജനങ്ങളില്‍ നിന്ന് പണം പിരിക്കാനനുവദിക്കാതെ ആവശ്യമായ തുക ഹോട്ടലുടമ സിഎഛിന് നല്‍കിയെന്നുമാണ് 'സുപ്രഭാതം' ലേഖനത്തില്‍ പറയുന്നത്. ആ പണമുപയോഗിച്ചാണ് മൊയ്തു സാഹിബിന്റെ മയ്യിത്ത് നാട്ടിലേക്കയച്ചതെന്നും സിഎഛിന്റെ മഹത്വത്തിനു തെളിവായി ലേഖനം വാഴ്ത്തുന്നു.
എന്നാല്‍, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് സിഎഛ് മൊയ്തുവിന്റെ മകന്‍ ഇബ്രാഹീമും വയനാട്ടിലെ മുതിര്‍ന്ന ലീഗ് നേതാക്കളും ഏക സ്വരത്തില്‍ പറയുന്നത്. മൊയ്തു മരിച്ചതറിഞ്ഞ് സിഎഛ് മുഹമ്മദ് കോയ മെഡിക്കല്‍ കോളജില്‍ വന്നിരുന്നു. എന്നാല്‍ ആംബുലന്‍സിന് പിരിവെടുക്കേണ്ടതോ മറ്റോ ആയ സാഹചര്യം ഉണ്ടായിരുന്നില്ല. ഉമ്മയുടെ കൈവശം ആവശ്യത്തിന് പണമുണ്ടായിരുന്നു. സാമ്പത്തിക ശേഷിയുള്ള ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പിതാവ് ജീവിച്ചിരിക്കുമ്പോഴോ രോഗിയായപ്പോഴോ മരണ ശേഷമോ കുടുംബം അങ്ങനെയൊരവസ്ഥ നേരിട്ടിട്ടില്ലെന്ന് സിഎഛ് മൊയ്തുവിന്റെ മകന്‍ ഇബ്രാഹീം പറഞ്ഞു.
സ്വത്തും സൗകര്യങ്ങളും മുസ്ലിം ലീഗ് കെട്ടിപ്പടുക്കാന്‍ ഉപയോഗിച്ചതാണ് സിഎഛ് മൊയ്തുവിന്റെ ചരിത്രമെന്ന് വയനാട്ടിലെ പഴമക്കാരും സാക്ഷ്യപ്പെടുത്തുന്നു. ലീഗ് പ്രചാരണത്തിന് എത്തിയ ബാഫഖി തങ്ങള്‍ക്ക് പ്രസംഗിക്കാന്‍ പീടിക കോലായി നിഷേധിക്കപ്പെട്ട തരുവണയില്‍ നിന്ന് സിഎഛ് മൊയ്തു പാര്‍ട്ടി കെട്ടിപ്പടുത്തത് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്താണ്. പിന്നീട് ചുരം കയറി വന്ന സിഎഛ് മുഹമ്മദ് കോയയടക്കമുള്ള സമുന്നത ലീഗ് നേതാക്കളൊക്കെ മൊയ്തുവിന്റെ ആതിഥ്യവും സൗകര്യങ്ങളും ആവോളം അനുഭവിച്ചവരുമാണ്.
അങ്ങനെയുള്ള സിഎഛ് മൊയ്തുവിനെ സിഎഛ് മുഹമ്മദ് കോയയുടെ പേരില്‍ അപമാനിച്ചത് പൊറുക്കാനാവില്ലെന്നാണ് ബന്ധുക്കളും വയനാട്ടിലെ ലീഗ് പ്രവര്‍ത്തകരും പറയുന്നത്. നേതൃത്വത്തെ സുഖിപ്പിക്കാന്‍ മുന്‍കാല നേതാക്കളുടെ ഇല്ലാ മഹത്വങ്ങള്‍ വാഴ്ത്തുന്നവര്‍ സിഎഛ് മൊയ്തുവിനെപ്പോലുള്ളവരുടെ മഹത്വം തിരിച്ചറിയാതെ പോവുന്നത് ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണെന്ന് സിഎഛ് ഇബ്രാഹീം അഭിപ്രായപ്പെട്ടു.