ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷം കുടുംബത്തിനൊപ്പം ഇടമലക്കുടി ആദിവാസി കോളനിയില്‍
രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദര്‍ശനം അദ്ദേഹം ആരംഭിച്ചത്.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റെയും ഇത്തവണത്തെയും പുതുവര്‍ഷാഘോഷം ആദിവാസി സമൂഹത്തോടൊപ്പം. ഇടുക്കി ജില്ലയിലെ മൂന്നാറിന് സമീപമുള്ള കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലാവും ചെന്നിത്തലയും കുടുംബവും തങ്ങളുടെ പുതുവല്‍സരം ആഘോഷിക്കുന്നത്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദര്‍ശനം അദ്ദേഹം ആരംഭിച്ചത്. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പുതുവര്‍ഷം കുടുംബസമേതം ഇവര്‍ക്കൊപ്പമായിരുന്നു.
ഈ വര്‍ഷവും ജനുവരി 1ന് ബുധനാഴ്ച ഏട്ട് മണിക്ക് മൂന്നാറില്‍ നിന്ന് പുറപ്പെടുന്ന പ്രതിപക്ഷ നേതാവും സംഘവും കിലോമീറ്ററുകളോളം നടന്നായിരിക്കും കോളനിയിലെത്തുക. അതിന് ശേഷം അദ്ദേഹം അദ്ദേഹം അവിടുത്തെ ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ഇവയെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മുതുവാന്‍ ആദിവാസി സമൂദായത്തില്‍ പെട്ട 785 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. ഇവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കും. തുടര്‍ന്ന് നടക്കുന്ന ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമായിരിക്കും പ്രതിപക്ഷ നേതാവും കുടുംബവും മടങ്ങുക.