ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വിധി: വിശ്വാസി സമൂഹത്തിന്റെ വിജയമെന്ന് ചെന്നിത്തല, എല്‍ഡിഎഫിന് തിരിച്ചടിയെന്ന് ഉമ്മന്‍ ചാണ്ടി
രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയേറ്റെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു
തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധി വിശ്വാസി സമൂഹത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വിധി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെ സാധൂകരണമാണ്. അപ്പീല്‍ പോകില്ലെന്ന സര്‍ക്കാര്‍ തീരുമാനം വിവേകപരമെന്നും ചെന്നിത്തല പ്രതികരിച്ചു.അതേസമയം, ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയേറ്റെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അതിനിയും ഭദ്രമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ളത്. ഇതു സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പഴുതടച്ച സംവിധാനം ഏര്‍പ്പെടുത്തി. ഒരു എസ്പിയുടെ നേതൃത്വത്തില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഇരുനൂറോളം പോലീസുകാരെയാണ് 24 മണിക്കൂര്‍ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയത്. അവര്‍ക്ക് ക്ഷേത്രപരിസരത്ത് ക്യാമ്പ് ഓഫീസ് തുറന്നു. അത്യാധുനിക കാമറ ഉള്‍പ്പെടയുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ചു. 25 കോടിയിലധികം രൂപ ഇതിനായി ചെലവഴിച്ചെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.ശ്രീപത്മനാഭ ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധിയെ ശബരിമല വിഷയത്തിന്റെ വെളിച്ചത്തില്‍ സ്വാഗതം ചെയ്യാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിതമായെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി