വാദിയെ പ്രതിയാക്കുന്ന സമീപനം ശരിയല്ല; അല്‍ഫോണ്‍സക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല
അഞ്ചുതെങ്ങ് മേരി എന്ന മത്സ്യതൊഴിലാളിയെ പാരിപ്പള്ളിയില്‍ വച്ച് പോലിസ് ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ആറ്റിങ്ങല്‍ നഗരസഭ ഈ കൃത്യം നടത്താന്‍ മുതിരില്ലായിരുന്നു
ആറ്റിങ്ങല്‍: ഉപജീവനത്തിനായി വഴിയോര മത്സ്യക്കച്ചവടം നടത്തിയ അല്‍ഫോന്‍സക്കെതിരെ കേസെടുത്ത നടപടി പിന്‍വലിക്കണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അല്‍ഫോന്‍സയുടെ അഞ്ചുതെങ്ങിലെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാദിയെ പ്രതിയാക്കുന്ന സമീപനം ശരിയല്ല. നഗരസഭ ജീവനക്കാരാണു ഉപദ്രവിച്ചതും മത്സ്യം വലിച്ചെറിഞ്ഞതും. എന്നിട്ടും അവര്‍ക്കെതിരെ കേസെടുത്തത് ശരിയായ നടപടിയല്ല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
അല്‍ഫോന്‍സക്ക് മതിയായ ധനസഹായം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരി എന്ന മത്സ്യതൊഴിലാളിയെ പാരിപ്പള്ളിയില്‍ വച്ച് പോലിസ് ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ മാതൃകാപരമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ആറ്റിങ്ങല്‍ നഗരസഭ ഈ കൃത്യം നടത്താന്‍ മുതിരില്ലായിരുന്നുവെന്നും ചെന്നിത്തല കൂട്ടി ചേര്‍ത്തു.
മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എംജെ ആനന്ദ്, കെഎസ് അജിത് കുമാര്‍,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിഎസ് അനൂപ്, ബ്ലോക്ക് പ്രസിഡന്റ് എച്ച്പി ഷാജി, മണ്ഡലം പ്രസിഡന്റ് ഷെറിന്‍ ജോണ്‍, പഞ്ചായത്തംഗങ്ങളായ യേശുദാസ്, ഷീമ, ദിവ്യ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.