ആദ്യഘട്ടം കേരളത്തിലേക്ക് എത്തുന്നത് 2250 പ്രവാസികൾ മാത്രം; കേരളത്തിൻ്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80000 പേരെയാണെന്നാണ് ലഭ്യമായ വിവരം. എന്നാൽ, കേരളത്തിൻ്റെ കണക്ക് പ്രകാരം അടിയന്തരമായി എത്തിക്കേണ്ടവർ 169136 പേരാണ്. തിരിച്ചു വരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 442000 പേരാണ്.

Update: 2020-05-05 12:00 GMT

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കേന്ദ്രം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ആദ്യഘട്ടത്തിൽ വളരെ കുറച്ചു പേരെ മാത്രമാണ് കൊണ്ടുവരുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് എയർപോർട്ടുകൾ വഴി ആദ്യ അഞ്ച് ദിവസം 2250 പേരെ മാത്രമാണ് എത്തിക്കുന്നത്. ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80000 പേരെയാണെന്നാണ് ലഭ്യമായ വിവരം.

എന്നാൽ, കേരളത്തിൻ്റെ കണക്ക് പ്രകാരം അടിയന്തരമായി എത്തിക്കേണ്ടവർ 169136 പേരാണ്. തിരിച്ചു വരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 442000 പേരാണ്. തൊഴിൽ നഷ്ടമായവർ, കരാർ പുതുക്കാത്തവർ, ജയിൽ മോചിതർ, ഗർഭിണികൾ, വിസിറ്റിങ് വിസയിൽ പോയി കാലാവധി കഴിഞ്ഞവർ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾ എന്നിവർക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകിയത്. ആദ്യഘട്ടം ഇവരെ എത്തിക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരിച്ചുവരുന്ന പ്രവാസികളെ സംബന്ധിച്ച് സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ സമാഹരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറേണ്ടതുണ്ട്. എന്നാൽ വിവരങ്ങൾ കൈമാറാനുള്ള സംവിധാനം ഇതുവരെ എംബസികളും വിദേശ മന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News