സഭാതര്‍ക്കം: യാക്കോബായ- ഓര്‍ത്തഡോക്സ് സഭ നേതൃത്വങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നു

സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനായി യോഗം വിളിച്ചത്.

Update: 2020-09-21 06:00 GMT

തിരുവനന്തപുരം: സഭാതര്‍ക്ക വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് യാക്കോബായ- ഓര്‍ത്തഡോക്സ് സഭ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുന്നു. ഇരു വിഭാഗങ്ങളുമായി വെവ്വേറെയായാണ് ചര്‍ച്ച നടത്തുക. യാക്കോബായ വിഭാഗവുമായി രാവിലെ 11ന് ചർച്ച ആരംഭിച്ചു. തോമസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മോർ തേയോഫിലോസ്, ഗീവർഗീസ് മോർ കൂറീലോസ് എന്നിവരാണ് സഭയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്.

ഓര്‍ത്തഡോക്സ് വിഭാഗവുമായി വൈകീട്ട് മൂന്ന് മണിക്കുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനായി യോഗം വിളിച്ചത്. നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സമിതിയെ മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ഇരുസഭയുടെ നേതൃത്വങ്ങളും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മുഖ്യമന്ത്രി വിളിച്ച യോഗം ഈ സാഹചര്യത്തില്‍ നിര്‍ണായകമാണ്.

Tags:    

Similar News