ആറുവയസുകാരന്‍ മകനെ കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ്

ആറുവയസുകാരനായ മകനെ നനഞ്ഞ തുണി കൊണ്ട് ശ്വാസം മുട്ടിച്ചതിനു ശേഷം പെയിന്റ് പാട്ടയിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന ജില്ലാ , അഡീ.സെഷന്‍സ് (പോക്‌സോ) കോടതിയാണു പ്രതിയെ വിചാരണ ചെയ്തത്

Update: 2019-11-15 05:04 GMT

കൊച്ചി: കടബാധ്യതയേറിയെന്ന പേരില്‍ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് വെങ്ങൂര്‍ സ്വദേശി ബാബുവിനെ (38) ജീവപര്യന്തം തടവിനും 10,000 രൂപ പിഴക്കും വിചാരണ കോടതി ശിക്ഷിച്ചു. ആറുവയസുകാരനായ മകനെ നനഞ്ഞ തുണി കൊണ്ട് ശ്വാസം മുട്ടിച്ചതിനു ശേഷം പെയിന്റ് പാട്ടയിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന ജില്ലാ , അഡീ.സെഷന്‍സ് (പോക്‌സോ) കോടതിയാണു പ്രതിയെ വിചാരണ ചെയ്തത്.വിവാഹ ശേഷം കുട്ടികള്‍ ഇല്ലാതിരുന്ന ഇവര്‍ക്ക് കുട്ടി ജനിക്കാനായി ഏറെ ചികില്‍സ നടത്തേണ്ടി വന്നെന്നും അതിനാല്‍ വീടിനെടുത്ത ലോണ്‍ തിരിച്ചടക്കാനായില്ലെന്നും പ്രതി കടത്തിലായെന്നും പറയുന്നു.

ഗത്യന്തരമില്ലാതെ വീട് വിറ്റ ഇയാള്‍ ഓണ ഫണ്ട് നടത്തി അതില്‍ നിന്നും ഒരു പാട് പേരില്‍ നിന്നും പണം പിരിച്ചുവെങ്കിലും തിരിച്ചു കൊടുക്കാനായില്ല .2016 സെപ്തംബര്‍ പത്തിനാണ് ആറു വയസ്സുകാരന്‍ വാസുദേവിനെ കൊന്നത്. കൊലപാതകത്തിന് ശേഷം സ്വയം മരിക്കാനായി ബ്ലേഡ് വാങ്ങിയെന്നു പ്രതി പറഞ്ഞുവെങ്കിലും അതിനു കഴിഞ്ഞില്ല. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്നും നൂറു മീറ്ററകലെ റബര്‍തോട്ടത്തിലെ വെള്ളമില്ലാതെ കിടന്ന പൊട്ടക്കിണറ്റില്‍ കഴിച്ചിടുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ പഴനിക്കു പോയി. ഭര്‍ത്താവിനേയും മകനേയും കാണാനില്ലെന്നു ഭാര്യ പോലീസിന്‍ പരാതിപ്പെട്ടിരിന്നു. തുടര്‍ന്ന് മൂന്നു ദിവസത്തിനു ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.കറുത്ത തുണി കൊണ്ട് കാലുകള്‍ കൂട്ടിക്കെട്ടി അഴുകി തുടങ്ങിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മരണകാരണം ശ്വാസം മുട്ടിച്ചതാണെന്ന് വ്യക്തമാക്കിയിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണുന്നില്ലെന്നും അതിനാല്‍ വധശിക്ഷ ഒഴിവാക്കി ശിക്ഷ വിധിക്കുകയാണെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ജെ വിന്‍സെന്റ് വിധിയില്‍ പറഞ്ഞു.

Tags:    

Similar News